വാഷിങ്ടണ്‍: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ വിജയത്തിലെത്തിയില്ലെങ്കിലും, ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ (NASA). ഐഎസ്ആര്‍ഒയുടെ ശ്രമങ്ങളും നേട്ടങ്ങളും തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു.

‘ബഹിരാകാശ ദൗത്യങ്ങളെല്ലാം പ്രയാസമേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ യാത്രകൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഭാവിയിലെ ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു’, നാസയുടെ ട്വീറ്റില്‍ പറയുന്നു.

അതേസമയം, ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വിജയമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഓര്‍ബിറ്ററിന് നേരത്തെ ആസൂത്രണം ചെയ്തതിലും ഏഴര വര്‍ഷം കൂടുതല്‍ അധിക ആയുസുണ്ടാകും. ഓര്‍ബിറ്റര്‍ ചന്ദ്രനെ ഏഴ് വര്‍ഷം ഭ്രമണം ചെയ്യുമെന്ന് ഐഎസ്ആർഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More: ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വിജയം: ഐഎസ്ആർഒ

ചന്ദ്രയാന്‍ 2 ന് ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ യാതൊരു പ്രതിഫലനവുമുണ്ടാക്കില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെയായിരുന്നു ചന്ദ്രയാന്‍ 2 ന്റെ ദൗത്യത്തിന്റെ അവസാന ഘട്ടമായ സോഫ്റ്റ് ലാൻഡിങ്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെ വച്ച് വിക്രം ലാന്‍ഡറുമായുള്ള കമ്മ്യൂണിക്കേഷന്‍ നഷ്ടമാകുകയായിരുന്നു.

എല്ലാം കൃത്യമായി പോയിരുന്നു എന്നാല്‍, പെട്ടന്നാണ് സിഗ്‌നലുകള്‍ നഷ്ടമായത്. 15 മിനിറ്റ് കൗണ്ട് ഡൗണ്‍ ആരംഭിച്ച ശേഷമാണ് വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടമായത്. കൗണ്ട് ഡൗണ്‍ ഏകദേശം 12 മിനിറ്റ് ആപ്പോഴാണ് ഇത് സംഭവിച്ചത്. സ്വപ്ന നേട്ടം കൈവരിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ശാസ്ത്രലോകം അടക്കം കരുതിയ സമയത്താണ് സിഗ്‌നല്‍ നഷ്ടപ്പെടുന്നത്. ലാന്‍ഡര്‍ ദിശ മാറി സഞ്ചരിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പുലര്‍ച്ചെ 2.18 ഓടെയാണ് ലാന്‍ഡറിന് സിഗ്‌നല്‍ നഷ്ടമായ കാര്യം ഐഎസ്ആർഒ ചെയര്‍മാന്‍ സ്ഥിരീകരിച്ചത്.

അഞ്ച് എൻജിനുകളാണ് ലാന്‍ഡറിനുള്ളത്. ചന്ദ്രനോട് അടുത്താല്‍ വളരെ പതുക്കെയാണ് താഴേക്ക് ഇറക്കുക. അഞ്ച് എൻജിനുകള്‍ ഉപയോഗിച്ചാണ് ഇത്. ഇങ്ങനെ താഴോട്ട് ഇറക്കുന്ന സമയത്താണ് പാളിച്ച പറ്റിയത്. സിഗ്‌നല്‍ നഷ്ടമായതോടെ കൃത്യമായി താഴോട്ട് ഇറക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook