ന്യൂഡല്‍ഹി: കാത്തിരുന്ന സ്വപ്‌നം സാധ്യമാക്കാന്‍ സാധിച്ചില്ലെങ്കിലും രാജ്യം ഒന്നടങ്കം ഇസ്‌റോയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്കൊപ്പമാണ്. ദൗത്യം ഭാഗികമായി പരാജയപ്പെട്ടെങ്കിലും നമ്മള്‍ വിജയിച്ചവരാണ് എന്നാണ് ഓരോ ഇന്ത്യക്കാരനും പറയുന്നത്. നാസ ഉൾപ്പടെയുളള ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും ചന്ദ്രയാൻ–2 ദൗത്യത്തെ വിജയമെന്നാണ് പ്രതികരിച്ചത്.

പദ്ധതി 95 ശതമാനം വിജയമാണെന്നും അതിനാൽ തന്നെ ഈ ദൗത്യത്തെ ഒരിക്കലും പരാജയമായി കണക്കാക്കാനാകില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണം. ഇസ്റോ ചെയർമാൻ ഡോ.കെ.ശിവൻ പൊട്ടിക്കരയുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്നതുമായ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ ഏറെ വെെകാരികമായി.

47 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ചന്ദ്രയാന്‍-2 അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറക്കാനുള്ള വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ബന്ധം നഷ്ടമായതാണ് പാളിച്ചയ്ക്ക് കാരണം. സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിലാണ് പ്രശ്നമുണ്ടായതെന്നാണ് വിലയിരുത്തൽ. അവസാന 15 മിനിറ്റ് ഏറെ നിർണായകമാണെന്ന് ഇസ്റോ ചെയർമാൻ കെ.ശിവൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉൾക്കിടിലത്തിന്റെ 15 മിനിറ്റ്, ഉദ്വേഗജനകമായ 15 മിനിറ്റ് തുടങ്ങിയ വിശേഷണങ്ങളാണ് ഇസ്റോ ചെയർമാൻ ഡോ.കെ.ശിവൻ അവസാന 15 മിനിറ്റിനെ വിശേഷിപ്പിച്ചത്. ഈ 15 മിനിറ്റിലാണ് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രവും രാജ്യമൊന്നാകെ തന്നെയും നെഞ്ചിടിപ്പോടെ നിന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്റോ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 70 വിദ്യാർഥികളും പ്രധാനമന്ത്രിക്കൊപ്പം ചരിത്ര നിമിഷത്തിന് സാക്ഷികളാകാൻ എത്തിയിരുന്നു.

ഇന്നു പുലർച്ചെ 1.39 നാണു ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള സോഫ്റ്റ്‌ ലാൻഡിങ് പ്രക്രിയ തുടങ്ങിയത്. ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തിയതോടെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. പിന്നീട് ഇസ്റോയിലെ ശാസ്ത്രജ്ഞർ തന്നെ പറഞ്ഞതുപോലെ ഉദ്വേഗജനകമായ 15 മിനിറ്റിലേക്ക് കണ്ണുനട്ട് ഇരിക്കുകയായിരുന്നു രാജ്യം. ഏറ്റവും പ്രധാനപ്പെട്ട 15 മിനിറ്റ് ആരംഭിച്ച ശേഷം എല്ലാ കാര്യങ്ങളും നിയന്ത്രണവിധേയമായിരുന്നു.

Read Also: ചെയ്തതൊന്നും പാഴായി പോയിട്ടില്ല; ഓരോ ഇന്ത്യക്കാരനും നിങ്ങള്‍ പ്രചോദനമാണ്: രാഹുല്‍ ഗാന്ധി

എന്നാൽ, ലക്ഷ്യം എത്തിപ്പിടിക്കാൻ വെറും 2.1 കിലോമീറ്റർ ശേഷിക്കെ കാര്യങ്ങൾ കെെവിട്ടു പോയി. 15 മിനിറ്റിൽ 13 മിനിറ്റ് പൂർത്തിയായ ശേഷമാണ് ലാൻഡറിന് നിയന്ത്രണം നഷ്ടപ്പെടുന്നത്. 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘം (ഇസ്‌റോ) ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ സ്ഥിരീകരിച്ചു.

സിഗ്നൽ ലഭിക്കുന്നില്ലെന്ന് സൂചന ലഭിച്ചതോടെ ഇസ്റോ ചെയർമാൻ ഡോ.കെ.ശിവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കരികിൽ എത്തി. കാര്യങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അതിനുശേഷമാണ് ലാൻഡറിനു സിഗ്നൽ നഷ്ടമായ വിവരം ഇസ്റോ സ്ഥിരീകരിച്ചത്. പുലര്‍ച്ചെ 2.18 ഓടെയാണ് ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായ കാര്യം ഇസ്‌റോ ചെയര്‍മാന്‍ സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ശാസ്ത്രജ്ഞൻമാർക്കരികിൽ എത്തി. ഒരു പുഞ്ചിരിയോടെ ശാസ്ത്രജ്ഞൻമാരോട് അദ്ദേഹം സംസാരിക്കാൻ തുടങ്ങി. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ശാസ്ത്രജ്ഞൻമാർ പ്രധാനമന്ത്രിക്ക് ചുറ്റും കൂടി. ശാസ്ത്രജ്ഞൻമാരെ സമാധാനിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങി. ഇസ്‌റോയുടെ നേട്ടങ്ങളില്‍ രാജ്യം അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇസ്‌റോയിലെ ശാസ്ത്രജ്ഞന്‍മാരെ വന്നുകണ്ട് ഏറെ ആത്മവിശ്വാസം പകരുന്ന വാക്കുകളാണ് പ്രധാനമന്ത്രി പറഞ്ഞത്.

“ജീവിതത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടാകും. നിങ്ങള്‍ ഇപ്പോള്‍ നേടിയിരിക്കുന്ന നേട്ടം ഒരു ചെറിയ കാര്യമല്ല. രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. നല്ലതിനായി പ്രതീക്ഷയര്‍പ്പിക്കുന്നു. നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. രാജ്യത്തിനായി നിങ്ങള്‍ വലിയ കാര്യമാണ് ചെയ്തിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകൂ.” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓർബിറ്റർ ഒരുവർഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. ഈ നിരീക്ഷണത്തിലൂടെ നിരവധി പഠനങ്ങൾ സാധ്യമാകുമെന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്. ലാൻഡർ ലക്ഷ്യം കാണാതിരുന്നാൽ ഇതിനുള്ളിലെ റോവറും പ്രവർത്തനരഹിതമാകും.

അഞ്ച് എഞ്ചിനുകളാണ് ലാൻഡറിനുള്ളത്. ചന്ദ്രനോട് അടുത്താൽ വളരെ പതുക്കെയാണ് താഴേക്ക് ഇറക്കുക. അഞ്ച് എഞ്ചിനുകൾ ഉപയോഗിച്ചാണ് ഇത്. ഇങ്ങനെ താഴോട്ട് ഇറക്കുന്ന സമയത്താണ് പാളിച്ച പറ്റിയത്. സിഗ്നൽ നഷ്ടമായതോടെ കൃത്യമായി താഴോട്ട് ഇറക്കാൻ സാധിക്കാതെ വന്നു. ലാൻഡറിന് ഗതി മാറ്റം വന്നതാണ് ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാൻ പ്രധാന കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇസ്റോ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകും.

ലാൻഡർ കൃത്യമായി ഇറക്കാൻ സാധിക്കാത്തതോടെ ഇസ്റോ ചെയർമാൻ ഡോ.കെ.ശിവൻ വാർത്താസമ്മേളനം റദ്ദാക്കി. കൂടുതൽ പഠനങ്ങളും നിരീക്ഷണം ലഭിച്ച ശേഷം പ്രതികരിക്കാൻ വേണ്ടിയാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ, രാവിലെ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയിച്ചു.

ഇസ്റോ കേന്ദ്രത്തിൽ എത്തിയായിരുന്നു പ്രധാനമന്ത്രി ശാസ്ത്രലോകത്തെയും ഇന്ത്യൻ ജനതയെയും അഭിസംബോധന ചെയ്തത്. ശാസ്ത്രജ്ഞൻമാരെ നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിനന്ദനം അവർ അർഹിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ശാസ്ത്രജ്ഞർ. തടസ്സങ്ങളിൽ നിരാശരാകരുത്. ആത്മവിശ്വാസം തകരരുത്. കരുത്തോടെ മുന്നോട്ടുപോകാൻ സാധിക്കണം. ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടതിൽ തളരരുത്. കൂടുതൽ മികച്ച അവസരങ്ങൾ കാത്തിരിക്കുന്നു എന്നും നരേന്ദ്ര മോദി ശാസ്ത്രജ്ഞൻമാരോട് പറഞ്ഞു.

Read Also: എലൈറ്റ് ക്ലബില്‍ കയറാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണമെന്ന് ന്യൂയോര്‍ക്ക് ടൈംസ്

“കഴിഞ്ഞ കുറേ മണിക്കൂറുകളായി രാജ്യത്തെ ശാസ്ത്രജ്ഞര്‍ കടന്നുപോയ നിമിഷങ്ങള്‍ എത്രത്തോളമാണെന്ന് അറിയാം. നമ്മുടെ ബഹിരാകാശ പദ്ധതികളെ കുറിച്ച് നമുക്ക് അഭിമാനിക്കാം. നമ്മള്‍ കുതിച്ചുയരും. വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തും. രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. രാജ്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയവരാണ് നിങ്ങള്‍.” ശസ്ത്രജ്ഞൻമാരെ പുകഴ്ത്തി നരേന്ദ്ര മോദി പറഞ്ഞു.

പരാജയങ്ങളിൽ നിന്ന് തിരിച്ചുകയറി കൂടുതൽ ശക്തമായി മുന്നോട്ടുപോയവരാണ് നമ്മൾ. നമ്മുടെ യാത്രയെ പിന്നോട്ടുവലിക്കുന്ന കുറേ സംഭവങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവിടെ നിന്നെല്ലാം തിരിച്ചെത്തി നമ്മൾ കൂടുതൽ ഉയരങ്ങളിലേക്ക് കയറിയെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇതിനു പിന്നാലെയാണ് ഇസ്റോ കേന്ദ്രത്തിന്റെ പുറത്തുവച്ച് വെെകാരികമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്റോ ചെയർമാൻ ഡോ.കെ.ശിവനും തമ്മിലുള്ള സംസാരം പിന്നീട് രാജ്യം മുഴുവൻ ഏറെ അഭിമാനത്തോടെയാണ് കണ്ടത്. ഡോ.കെ.ശിവനെ കെട്ടിപ്പിടിച്ച് പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.

ചന്ദ്രയാന്‍ ദൗത്യം പൂര്‍ണ്ണ വിജയത്തിലെത്താത്തതില്‍ സങ്കടപ്പെടുന്ന ഡോ.കെ.ശിവനെയും വീഡിയോയില്‍ കാണാം. നരേന്ദ്ര മോദിക്കരികില്‍ നിന്ന് അദ്ദേഹം തേങ്ങുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. താങ്കള്‍ ഒറ്റയ്ക്കല്ല, ഈ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന തലക്കെട്ടോടെയാണ് പലരും ഇപ്പോള്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്.

ജൂലൈ 22 ഉച്ചയ്ക്ക് 2.43 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നത്. ജൂലൈ 15 തിങ്കൾ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു.​

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook