തെളിവുകള്‍ വളരെ ദുര്‍ബലമായിരുന്നുവെങ്കിലും ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം 1970 മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വാസ്തവത്തില്‍, 1960 കളുടെ അവസാനത്തിലും 1970 കളുടെ തുടക്കത്തിലും നാസയുടെ അപ്പോളോ ദൗത്യങ്ങള്‍ കൊണ്ടുവന്ന പാറക്കഷ്ണങ്ങളും, മണ്ണിന്റെ സാമ്പിളുകള്‍ സൂചിപ്പിക്കുന്നത് ചന്ദ്രന്റെ ഉപരിതലം തീര്‍ത്തും വരണ്ടതും ജലാംശമില്ലാത്തതുമാണ് എന്നാണ്.

1990 കളില്‍ നാസയുടെ രണ്ട് ദൗത്യങ്ങളായ ക്ലെമന്റൈന്‍, ലൂണാര്‍ പ്രോസ്‌പെക്ടര്‍ എന്നിവ ചന്ദ്രനിലെ ജലത്തിന്റെ സൂചനകൾ കണ്ടെത്തിയിരുന്നു. 1998 ല്‍ കാസിനി ഇത് ശരിവച്ചിരുന്നു.

2008 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ -1ലെ രണ്ട് ഉപകരണങ്ങള്‍ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകള്‍ നല്‍കി. ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ചന്ദ്രനെ കാണുന്ന രീതിയെ ഇത് തികച്ചും മാറ്റിമറിക്കുകയും, കൂടാതെ ചാന്ദ്ര പര്യവേക്ഷണത്തില്‍ ഒരു പുതിയ താത്പര്യം സൃഷ്ടിക്കുകയും ചെയ്തു.

ബഹിരാകാശത്ത് കൂടുതൽ പര്യവേഷണങ്ങൾക്കും അന്വേഷണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും ഭാവിയിൽ ഒരു ലോഞ്ച് പാഡായി ചന്ദ്രനെ ഉപയോഗിക്കാൻ, ചന്ദ്രനിലെ ജലസാന്നിദ്ധ്യം നിർണായകമാണ്. അതിനായി മനുഷ്യൻ ദീർഘകാലം ചന്ദ്രനിൽ താമസിക്കേണ്ടി വരും. എന്നാൽ ജലസാന്നിദ്ധ്യമില്ലാതെ അത് സാദ്ധ്യമല്ല. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് ജലമെത്തിക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.

ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിൽ, മഞ്ഞിന്റെ രൂപത്തിൽ ധാരാളം വെള്ളമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില കണക്കുകൾ പ്രകാരം ധ്രുവമേഖലയിലെ ഹിമത്തിന്റെ അളവ് ദശലക്ഷക്കണക്കിന് മുതൽ കോടിക്കണക്കിന് ടൺ വരെയാണ്.

ചന്ദ്രയാൻ -2 ജലത്തിന്റെ സാന്നിധ്യത്തിന്, പ്രത്യേകിച്ച് ധ്രുവപ്രദേശത്ത് പുതിയ തെളിവുകൾ നൽകും. ചന്ദ്രനിലെ ജല തന്മാത്രകളുടെ സമൃദ്ധിയും ഇത് വിലയിരുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook