ബെംഗളൂരു: വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ചന്ദ്രയാൻ 2ന്റെ ഓർബിറ്ററിന്റെ പ്രവർത്തനം തൃപ്തികരമെന്ന് ഇസ്‍‌റോ. വിക്രം ലാൻഡറുമായുള്ള ബന്ധം പരാജയപ്പെടാനുള്ള കാരണങ്ങളെകുറിച്ചുള്ള വിലയിരുത്തൽ ബെംഗളൂരുവിൽ തുടരുകയാണെന്നും ഇസ്‌റോ വ്യക്തമാക്കി.

“മുൻ നിശ്ചയിച്ചിരുന്നത് പോലെ തന്നെ ഓർബിറ്റർ ശാസ്ത്ര പരിക്ഷണങ്ങൾ പൂർണ തൃപ്തികരമായി തുടരുന്നുണ്ട്. അതേസമയം വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് ഇസ്റോ വിദഗ്ധരും പണ്ഡിതരും അടങ്ങുന്ന കമ്മിറ്റി പഠിച്ചുവരികയാണ്,” ഇസ്‌റോ ട്വിറ്ററിൽ കുറിച്ചു.

Also Read: ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വിജയം: ഐഎസ്ആർഒ

ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം നേരത്തെ കണ്ടെത്തിയിരുന്നു. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്ററാണ് പകർത്തിയത്. 47 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ചന്ദ്രയാന്‍-2 അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറക്കാനുള്ള വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ബന്ധം നഷ്ടമായതാണ് പാളിച്ചയ്ക്ക് കാരണം. സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിലാണ് പ്രശ്നമുണ്ടായതെന്നാണ് വിലയിരുത്തൽ.

ലക്ഷ്യം എത്തിപ്പിടിക്കാൻ വെറും 2.1 കിലോമീറ്റർ ശേഷിക്കെ കാര്യങ്ങൾ കൈവിട്ടു പോയി. 15 മിനിറ്റിൽ 13 മിനിറ്റ് പൂർത്തിയായ ശേഷമാണ് ലാൻഡറിന് നിയന്ത്രണം നഷ്ടപ്പെടുന്നത്. 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചു എന്നാൽ തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook