scorecardresearch
Latest News

വിക്രം ലാൻഡറുമായി ആശയ വിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല, അടുത്ത ലക്ഷ്യം ഗഗന്യാൻ: ഐഎസ്ആർഒ മേധാവി

മൂന്നു ബഹിരാകാശ യാത്രികരെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഉദ്ദേശിച്ചുള്ള ദൗത്യമാണ് ഗഗന്യാൻ

Chandrayaan-2, ie malayalam

ബെംഗളൂരു: ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായുളള വിക്രം ലാൻഡറുമായി ആശയ വിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ. സെപ്റ്റംബർ ഏഴു മുതൽ ഇതിനായുളള ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുൻപാണ് വിക്രം ലാൻഡറുമായുളള ആശയ വിനിമയം നഷ്ടമായത്.

ചന്ദ്രയാൻ-2 ഓർബിറ്റർ നന്നായി പ്രവർത്തിക്കുന്നുണ്ട്. ഓർബിറ്ററിൽ എട്ടു ഉപകരണങ്ങളാണുളളത്. ഓരോ ഉപകരണവും അത് ചെയ്യാൻ ഉദ്ദേശിക്കുന്നത് കൃത്യമായി ചെയ്യുന്നുണ്ട്. ഐഎസ്ആർഒയുടെ അടുത്ത ലക്ഷ്യം ‘ഗഗന്യാൻ’ ആണെന്നും ശിവൻ പറഞ്ഞു. മൂന്നു ബഹിരാകാശ യാത്രികരെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഉദ്ദേശിച്ചുള്ള ദൗത്യമാണ് ഗഗന്യാൻ.

കമ്യൂണിക്കേഷന്‍ നഷ്ടമായി ഒരു ദിവസത്തിന് ശേഷം ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയിരുന്നു. ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലായിരുന്നു. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്ററാണ് പകർത്തിയത്.

ചന്ദ്രയാന്‍ 2 ന്റെ ദൗത്യത്തിന്റെ അവസാന ഘട്ടമായിരുന്നു സോഫ്റ്റ് ലാൻഡിങ്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെ വച്ച് വിക്രം ലാന്‍ഡറുമായുള്ള കമ്മ്യൂണിക്കേഷന്‍ നഷ്ടമായി. എല്ലാം കൃത്യമായി പോയിരുന്നു. പെട്ടന്നാണ് സിഗ്‌നലുകള്‍ നഷ്ടമായത്. 15 മിനിറ്റ് കൗണ്ട് ഡൗണ്‍ ആരംഭിച്ച ശേഷമാണ് വിക്രം ലാന്‍ഡറിന് ഭൂമിയുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടമായത്. കൗണ്ട് ഡൗണ്‍ ഏകദേശം 12 മിനിറ്റ് ആയപ്പോഴാണ് ഇത് സംഭവിച്ചത്. സ്വപ്ന നേട്ടം കൈവരിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ശാസ്ത്രലോകം അടക്കം കരുതിയ സമയത്താണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്.

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വിജയമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയത്. ഓര്‍ബിറ്ററിന് നേരത്തെ ആസൂത്രണം ചെയ്തതിലും ഏഴര വര്‍ഷം കൂടുതല്‍ അധിക ആയുസുണ്ടാകുമെന്നും ഓര്‍ബിറ്റര്‍ ചന്ദ്രനെ ഏഴ് വര്‍ഷം ഭ്രമണം ചെയ്യുമെന്നും ഐഎസ്ആർഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞിരുന്നു.

Read Also: നിങ്ങളുടെ ശ്രമങ്ങൾ പ്രചോദനമേകുന്നു; ഐഎസ്ആർഒയെ പ്രശംസിച്ച് നാസ

ജൂലൈ 22നാണ് ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു ചന്ദ്രയാൻ-2 കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വച്ചത്. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ഇന്ത്യ ലക്ഷ്യമിട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Chandrayaan 2 no communication with lander yet says isro chief