ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 നാളെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. നാളെ രാവിലെ 8.30 നും 9.30 നും ഇടയിലായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുകയെന്നും ഇത് വെല്ലുവിളി നിറഞ്ഞതാണെന്നും ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വിക്ഷേപണം ചെയ്ത് 29 ദിവസങ്ങൾക്കുശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത്.

Read Also: ചന്ദ്രയാന്‍-2; ബഹിരാകാശത്ത് ഇന്ത്യയുടെ ‘ഗെയിം ചെയ്ഞ്ചർ’

നാലു ഭ്രമണപഥങ്ങൾ കടന്നാണ് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അന്തിമ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുകയെന്ന് ഐഎസ്ആർഒ പറയുന്നു. സെപ്റ്റംബർ രണ്ടിനായിരിക്കും ഓ‌ർബിറ്ററിൽനിന്നും വിക്രം ലാൻഡർ വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 2 ചരിത്രപരമായ ലാൻഡിങ് നടത്തുകയെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

ജൂലൈ 22 ഉച്ചയ്ക്ക് 2.43 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നത്. ജൂലൈ 15 തിങ്കൾ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു.​

ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook