Chandrayaan 2 Moon Landing Date: ന്യൂഡൽഹി: ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ വിക്രം ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച (നാളെ) പുലര്‍ച്ചെ 1.30 ന് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനെ തൊടുമെന്നാണ് കണക്കുക്കൂട്ടല്‍. രാജ്യം ഒന്നാകെ അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. രാത്രി 1.30 നും 2.00 നും ഇടയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടക്കുമെന്നാണ് ഇസ്‌റോ അറിയിക്കുന്നത്. 1.55 ആകും കൃത്യസമയമെന്നാണ് റിപ്പോർട്ട്.

വിക്രം ലാന്‍ഡര്‍ വിജയകരമായി ഇറങ്ങിയാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിക്കും. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകുകയും ചെയ്യും. ചരിത്ര നിമിഷത്തിനായി ലോകവും കാത്തിരിക്കുകയാണ്. ഇത് നേരിട്ട് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെത്തും. പീനിയിലെ ഇസ്‌റോ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ വച്ചായിരിക്കും പ്രധാനമന്ത്രി ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുക. കേരളത്തില്‍ നിന്നുള്ള രണ്ട് പേര്‍ അടക്കം തിരഞ്ഞെടുക്കപ്പെട്ട 70 വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.

Read Also: ചന്ദ്രനെ തൊടാൻ; ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക്, രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരം

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ് ലാന്‍ഡിങ്. ഇതുവരെയുള്ള ഇസ്‌റോയുടെ കണക്കുകൂട്ടലുകളെല്ലാം കൃത്യമാണ്. ശുഭമായി എല്ലാം പര്യവസാനിക്കുമെന്നാണ് ഇസ്‌റോ വിശ്വസിക്കുന്നതും. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപെലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലെ സമതലത്തിലാണ് വിക്രമിനെ ഇറക്കാൻ ഇസ്റോ പദ്ധതിയിട്ടിട്ടുള്ളത്. നാസയുടെ ലൂണാർ റിക്കോണിസൻസ് ഓർബിറ്ററിന്റെ സഹായത്തോടെയാണ് ഈ ലാൻഡിങ് സൈറ്റ് കണ്ടെത്തിയത്.

ജൂലായ് 22 നാണ് ചന്ദ്രയാന്‍ രണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് പുറപ്പെടുന്നത്. ഏകദേശം 3,84,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രനെ തൊടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വതന്ത്രമായാണ് വിക്രം ലാന്‍ഡര്‍ മൊഡ്യൂള്‍ സഞ്ചരിക്കുന്നത്. ഏറ്റവും ഉദ്വേഗജനകമായ 15 മിനിറ്റ് എന്നാണ് ഇസ്‌റോ ചെയര്‍മാന്‍ കെ.ശിവന്‍ ഇപ്പോഴത്തെ യാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Read Also: ചന്ദ്രയാൻ-2 ഭ്രമണപഥത്തിൽ, വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ

ലാന്‍ഡിങ് സമയത്ത് വിക്രം സെക്കന്‍ഡില്‍ ആറ് കിലോമീറ്റര്‍ അഥവാ മണിക്കൂറില്‍ 21,600 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുക. വിമാനങ്ങളുടെ വേഗതയില്‍ നിന്ന് 30 മുതല്‍ 40 ഇരട്ടി വേഗതയാണ് ഇത്. ലാന്‍ഡിങിന് തൊട്ടടുത്തുള്ള 15 മിനിറ്റ് വിക്രം അതിന്റെ വേഗത കുറയ്ക്കും. സുരക്ഷിതമായ ലാന്‍ഡിങിന് വേണ്ടിയാണിത്.

ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള 109 ശ്രമങ്ങളിൽ ഇതുവരെ 41 എണ്ണവും പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സോഫ്റ്റ് ലാൻഡിങ്ങിനെ ഏറ്റവും ഉദ്വേഗജനകമായ സംഭവമായി ഇസ്റോ തന്നെ വിലയിരുത്തുന്നത്. വേഗത കുറച്ച് ചന്ദ്രോപരിതലത്തിൽ തൊടുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ വിഷയമാണ്. ഏറെ കരുതലോടെയായിരിക്കും അവസാന മിനിറ്റുകൾ ഇസ്റോ പ്രവർത്തിക്കുക.

ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ ശ്രമിച്ച് അവസാനമായി പരാജയപ്പെട്ടത് ഇസ്രായേലാണ്. ഏപ്രിൽ 11 നായിരുന്നു അവരുടെ ശ്രമം. ബെർഷീറ്റ് ലാൻഡറിനെ കൃത്യമായി ചന്ദ്രോപരിതലത്തിൽ ഇറക്കാൻ ഇസ്രായേലിന് സാധിച്ചില്ല. അവസാന യാത്രയിലെ വേഗതയാണ് അന്ന് തിരിച്ചടിയായത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഉദ്വേഗജനകമായ 15 മിനിറ്റുകൾ എന്ന പ്രയോഗം പ്രസക്തമാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook