അഹമ്മദാബാദ്: ചന്ദ്രോപരിതലത്തില്‍ ക്രോമിയത്തിന്റെയും മാംഗനീസിന്റെയും സാന്നിധ്യം കണ്ടെത്തി ഇന്ത്യയുടെ ചാന്ദ്രയാന്‍-2 പേടകം. ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ ഒന്‍പതിനായിരത്തിലേറെ തവണ സഞ്ചരിച്ച പേടകം വിദൂരസംവേദനത്തിലൂടെയാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഐഎസ്ആഒ അറിയിച്ചു.
2019 ജൂലൈ 22നു വിക്ഷേപിച്ച ചാന്ദ്രയാന്‍-2 ദൗത്യം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഐഎസ്ആര്‍ഒ ഫേസ്ബുക്കിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്ത രണ്ടു ദിവസത്തെ ചാന്ദ്രശാസ്ത്ര ശില്‍പ്പശാലയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.
മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ്, സോഡിയം തുടങ്ങിയ പ്രധാന മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കന്നെതിനു ചന്ദ്രന്റെ എക്സ്-റേ ഫ്ളൂറസന്‍സ് (എക്സ്ആര്‍എഫ്) സ്പെക്ട്രം അളക്കുന്ന ചന്ദ്രയാന്‍ -2 ലാര്‍ജ് ഏരിയ സോഫ്റ്റ് എക്സ്-റേ സ്പെക്ട്രോമീറ്റര്‍ (ക്ലാസ്) പേലോഡ് ഫലങ്ങള്‍ സെഷനുകളിലൊന്ന് ചര്‍ച്ചചെയ്തു.
വിദൂരസംവേദനത്തിലൂടെ ചന്ദ്രോപരിതലത്തില്‍ ആദ്യമായി ക്രോമിയത്തിന്റെയും മാംഗനീസിന്റെയും കൃത്യമായ സാന്നിധ്യം കണ്ടെത്തിയതായി ക്ലാസ് പേലോഡ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ശ്യാമ നരേന്ദ്രനാഥ് ഫലങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ട് പറഞ്ഞു. ഇതൊരു ആശ്ചര്യമായിരുന്നുവെന്നും ഈ മൂലകങ്ങള്‍ ചന്ദ്രനിലെ ഒരു ഭാരം ശതമാനത്തില്‍ കുറവാണെന്നും അവര്‍ പറഞ്ഞു.
തീവ്രമായ സൂര്യപ്രകാശം പൊടുന്നനെ സംഭവിക്കുന്ന ചില സ്ഥലങ്ങളില്‍ രണ്ട് മൂലകങ്ങളുടെയും കണ്ടെത്തി. നേരത്തെയുള്ള ചന്ദ്രദൗത്യങ്ങളില്‍ ശേഖരിച്ച മണ്ണ് സാമ്പിളുകളിലൂടെയാണ് ചന്ദ്രോപരിതലത്തില്‍ ഇതിനു മുന്‍പ് മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ചന്ദ്രയാന്‍ -2-ലെ എട്ട് പേലോഡുകള്‍ റിമോട്ട് സെന്സിങ്ങിലൂടെയും ഇന്‍-സിറ്റു സാങ്കേതികവിദ്യയിലൂടെയുമാണ് ചന്ദ്രന്റെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തുന്നത്.
ചന്ദ്രോപരിതലത്തിലെ സോഡിയം സാന്നിധ്യം സംബന്ധിച്ച അവ്യക്തതകള്‍ നീക്കംചെയ്യാനും ക്ലാസ്സ് പേലോഡിന് കഴിഞ്ഞു. ചന്ദ്രയാന്‍-1 പേടകത്തിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച രേഖകളില്‍ സോഡിയം കണ്ടെത്തിയിരുന്നെങ്കിലും ചില അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. ക്ലാസ് കണ്ടെത്തിയ മൂലകങ്ങളില്‍ ഓക്സിജന്‍, അലുമിനിയം, സിലിക്കണ്‍, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് എന്നിവ ഉള്‍പ്പെടുന്നു.
ആന്തരിക സൗരയൂഥത്തിന്റെ പരിണാമം മനസിലാക്കാന്‍ ചാന്ദ്രയാന്‍-2 സഹായിക്കുമെന്ന് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തുനിന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്തു സംസാരിച്ച ചെയര്മാന് കെ ശിവന് പറഞ്ഞു.
”ഫലങ്ങള്‍ വളരെ പ്രോത്സാഹജനകമാണ് … വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും കോളേജുകള്‍, സര്‍വകലാശാലകള്‍, ശാസ്ത്രീയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ക്കും ചന്ദ്രയാന്‍ -2 ഓര്‍ബിറ്റര്‍ പേലോഡുകളുടെ ഡേറ്റ വിശകലനം ചെയ്യാനും ദൗത്യത്തിനു മൂല്യം നല്‍കാനും കഴിയും. അക്കാദമികളിലെയും ഇന്സ്റ്റിറ്റ്യൂട്ടുകളിലെും ശാസ്ത്രീയമായി പ്രചോദനമുള്‍ക്കൊണ്ട മനസുകളുടെ വിശാലമായ പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നു … (ഈ) ഡേറ്റ ദേശീയ സ്വത്താണ് … രാജ്യമെമ്പാടുമുള്ള മുഴുവന്‍ ശാസ്ത്ര സമൂഹവും ഈ ഡേറ്റ ഉപയോഗിക്കുകയും മറ്റാരും ചെയ്യാത്ത പുതിയ ശാസ്ത്രം കണ്ടെത്തുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
Also Read: ഇഒഎസ്-03 വിക്ഷേപണം പരാജയപ്പെട്ടത് എന്തുകൊണ്ട്?
പേടകം രണ്ടു വര്ഷമായിമികച്ച ഡേറ്റ നല്‍കുന്നുണ്ടെന്നും അപെക്സ് സയന്‍സ് ബോര്‍ഡ് ചെയര്‍മാനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ എഎസ് കിരണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
ചാന്ദ്രയാന്‍-2 പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനായിരുന്നു ഐഎസ്ആര്‍ഒ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ലക്ഷ്യത്തിന് അല്‍പ്പം അകലെ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചുവീഴുകയായിരുന്നു. ഇതോടെ റോവറും അനുബന്ധ അഞ്ച് പേലോഡുകളും നഷ്ടപ്പെട്ടു.
അതേസമയം, ചന്ദ്രന്റെ ഉപരിതലം, ചന്ദ്രന്റെ പുറം അന്തരീക്ഷം എന്നിവ മാപ്പ് ചെയ്യുന്നതു ലക്ഷ്യമിട്ട ഓര്‍ബിറ്ററും എട്ട് പേലോഡുകളും പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിക്കുകയും ഡേറ്റ അയയ്ക്കുന്നതു തുടരുകയും ചെയ്യുകയാണ്. വിക്ഷേപണം നടന്ന് ഏഴുവര്‍ഷം വരെ ഇവ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.