തെലങ്കാന: തെലങ്കാന മുഖ്യമന്ത്രിയുടെ മകൻ കൂലിവേലയ്ക്ക് ഇറങ്ങി. ചന്ദ്രശേഖർ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ രാമ റാവു ഇന്നലെ ഹൈദരാബാദ്-നാഗ്പൂർ ദേശീയപാതയിലെ ഐസ്ക്രീമും ജൂസും വിൽക്കുന്ന പാർലറിലാണ് ജോലിക്കാരനായത്. ഒറ്റ ദിവസം കൊണ്ട് രാമറാവു 7.5 ലക്ഷം രൂപയുടെ കച്ചവടം നടത്തിയതായാണ് റിപ്പോർട്ടുകൾ. തെലങ്കാന രാഷ്ട്ര സമിതി പാർട്ടിയുടെ പ്ലീനറി, സ്ഥാപക ദിനാഘോഷത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി മന്ത്രിമാരും നേതാക്കളും പ്രവർത്തകരും രണ്ടു ദിവസത്തേക്ക് കൂലിവേല ചെയ്യണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശഖർ റാവു പറഞ്ഞിരുന്നു. ഇതിന് തുടക്കമിട്ടാണ് രാമ റാവു കൂലിവേലക്കാരനായത്.

പാർട്ടി നേതാക്കളാണ് പ്രധാനമായും രാമറാവുവിന്റെ പാർലറിൽ ഉപഭോക്താക്കളായെത്തിയത്. പാർട്ടി എംപി മല്യ റെഡ്ഡി അഞ്ചു ലക്ഷം രൂപയുടെ ഐസ്ക്രീമാണ് വാങ്ങിയത്. മറ്റൊരു നേതാവ് ശ്രീനിവാസ് റെഡ്ഡി ഒരു ലക്ഷം രൂപയുടെ ഐസ്ക്രീം വാങ്ങി. ജൂസുകൾ മാത്രം വിറ്റ് 1.30 ലക്ഷം രൂപയാണ് നേടിയത്. ജൂസ് വാങ്ങാനെത്തിയവരിൽ പലരും പാർട്ടി നേതാക്കളായിരുന്നു. വരും ദിവസങ്ങളിൽ പാർട്ടി നേതാക്കളും പ്രവർത്തകരും കൂലിപ്പണിക്കായി ഇറങ്ങും.

ഏപ്രിൽ 14 മുതൽ 20 വരെയണ് ‘ഗുലാബി കൂലി ദിന’മായി ആചരിക്കാൻ ചന്ദ്രശേഖർ റാവു ആഹ്വാനം ചെയ്തത്. ഓരോ പാർട്ടി പ്രവർത്തകരും രണ്ടു ദിവസമങ്കിലും കൂലിവേല ചെയ്യണമെന്നാണ് അദ്ദേഹം നിർദേശിച്ചിട്ടുളളത്. ഹൈദരാബാദിലെ കോമ്പളളിയിൽ ഈ മാസം 21 നാണ് പാർട്ടി പ്ലീനറി നടക്കുന്നത്. ഏപ്രിൽ 27 ന് പാർട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് വൻ പൊതുയോഗവും നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ