പോളാവരം: ബിജെപിക്കെതിരായി സഖ്യം രൂപീകരിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇതിനായി താന്‍ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മഹാസഖ്യ രൂപീകരണമല്ല ലക്ഷ്യമെങ്കിലും, ബിജെപി ഇതര പാര്‍ട്ടികളെ ഒന്നിച്ചു കൊണ്ടുവരാനുള്ള സാധ്യതയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 32,315 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഒഴിച്ച് ലോക റെക്കോര്‍ഡ് നേഡിയ നവയുഗ എൻജിനീയറിങ് കമ്പനിയിലെ എൻജിനീയര്‍മാരെ അഭിനന്ദിക്കാന്‍ പോളാവരത്ത് എത്തിയതായിരുന്നു അദ്ദേഹം. പോളാവരം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടാണ് കേന്ദ്രവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുക്കുന്നത്.

പോളാവരം വിവിധോദ്ദേശ പദ്ധതിക്കായി കേന്ദ്ര സർക്കാർ ആവശ്യമായ ഫണ്ട് അനുവദിച്ചില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നാൽ ഫണ്ട് ഇല്ലെന്നു പറഞ്ഞുകൊണ്ട് പദ്ധതി നിർത്തിവയ്ക്കില്ലെന്നും ഈ പദ്ധതി സംസ്ഥാനത്തിന്റെ ജീവനാണെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

Read More: ‘എന്നോട് കളിച്ചാൽ നിന്നെയൊക്കെ തീർത്ത് കളയും,’ ബിജെപിയോട് ആന്ധ്ര മുഖ്യമന്ത്രി

ദിവസങ്ങള്‍ക്കു മുമ്പ് ഈസ്റ്റ് ഗോദാവരിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചന്ദ്രബാബു നായിഡുവിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയതും ഇതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചതും മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. പ്രതിഷേധവുമായി റോഡില്‍ കയറിനിന്ന് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി താന്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും പുറത്തിറങ്ങി പ്രതിഷേധക്കാരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചു.

ഭീഷണി സ്വരത്തില്‍ ചന്ദ്രബാബു നായിഡു പറഞ്ഞതിങ്ങനെ. ”എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? എന്തുകൊണ്ടാണ് ഇങ്ങിനെ നിങ്ങള്‍ പെരുമാറുന്നത്? ഈ സംസ്ഥാനത്ത് താമസിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. നാണമില്ലേ നിങ്ങള്‍ക്ക്? നിങ്ങളുടെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് ചെയ്തതെന്ന് ഓര്‍ത്ത് ലജ്ജിക്കുകയാണ് വേണ്ടത്. എന്നോട് കളിക്കാന്‍ വന്നാല്‍ നിന്നെയൊക്കെ തീര്‍ത്ത് കളയും. ഈ സംസ്ഥാനത്തിന് വേണ്ടി എന്താണ് മോദി ചെയ്തത്?” രോഷത്തോടെ നായിഡു ചോദിച്ചു.

മുഖ്യമന്ത്രിയോട് പ്രതിഷേധക്കാരിലൊരാള്‍ സംസാരിക്കാനായി ശ്രമിച്ചപ്പോള്‍, അദ്ദേഹം ഇതനുവദിക്കാതെ തുടര്‍ന്ന് സംസാരിച്ചു. ”പുറത്തുപോയി ജനങ്ങളോട് നിങ്ങളിത് പറഞ്ഞാല്‍ അവര്‍ നിങ്ങളെ വെറുതെ വിടുമെന്ന് കരുതരുത്. ഇന്നലെയും ഒരു ലാത്തിച്ചാർജ് നടന്നെന്ന് ഓര്‍ക്കണം. അയാള്‍ ഈ സംസ്ഥാനം നശിപ്പിച്ചു. ഈ സംസ്ഥാനത്തോട് എന്തെങ്കിലും ആത്മാര്‍ത്ഥത നിങ്ങള്‍ക്കുണ്ടോ?” നായിഡു ചോദിച്ചു.

ഡൽഹിയിൽ ഇടതുപാർട്ടികളും പവൻ കല്യാൺ ജന സേനയുടെ വിദ്യാർത്ഥി സംഘടനയും ആന്ധ്രയുടെ പ്രത്യേക പദവിയെന്ന ആവശ്യത്തിന് വേണ്ടി നടത്തിയ സമരം ലാത്തിച്ചാർജിൽ കലാശിച്ചതിനെയാണ് ചന്ദ്രബാബു നായിഡു പരാമർശിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ