ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, ഡല്‍ഹിയിലെ ആന്ധ്രാ പ്രദേശ് ഭവന് മുന്നില്‍ ഇന്ന് നിരാഹാര സമരം നടത്തും. വിഭജന സമയത്ത് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ട് അത് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം.
ഇന്ന് രാവിലെ എട്ടു മണി മുതലാണ് ഉപവാസ സമരം ആരംഭിക്കുന്നത്. അടുത്ത ദിവസം രാഷ്ട്രപതിക്ക് അദ്ദേഹം മെമ്മോറാണ്ടം സമര്‍പ്പിക്കും.

ഞായറാഴ്ച ഗുണ്ടൂരില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി എന്ന ആവശ്യത്തെ കുറിച്ച് ഒന്നും പറയാതിരുന്നതില്‍ ജനങ്ങള്‍ രോഷാകുലരാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോടുള്ള രോഷം ബിജെപി നേതാക്കള്‍ മനസിലാക്കണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഗുണ്ടൂരില്‍ കൃഷ്ണപട്ടണം ബിപിസിഎല്‍ കോസ്റ്റല്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. ഗുണ്ടൂരിലെ ഗാനാവരം എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എത്തിയിരുന്നില്ല. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ബിപിസിഎല്ലിന്റെ ചടങ്ങില്‍ വച്ച് ആന്ധ്രയ്ക്കായി 9000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ മുന്നണി വിട്ടത്. താന്‍ മോദിയേക്കാള്‍ സീനിയറാണെങ്കിലും മോദിയുടെ ഈഗോ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തെ സര്‍ എന്ന് വിളിക്കേണ്ടി വരുന്നുവെന്നും ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook