ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കച്ച മുറുക്കി കോണ്‍ഗ്രസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ എത്തിയാണ് ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച്ച നടത്തിയത്.
ജനാധിപത്യത്തിന്റെ അവസ്ഥ അപകടത്തിലാണെന്നും വരും തലമുറയെ സംരക്ഷിക്കാന്‍ പ്രതിപക്ഷ ഐക്യം ശക്തമാക്കണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രതിപക്ഷ നേതാക്കളായ ശരത് പവര്‍, ഫാറൂഖ് അബ്ദുള്ള എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.
നേരത്തെ അരവിന്ദ് കെജ്രിവാള്‍, മായാവതി, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ തുടങ്ങിയ നേതാക്കളുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ആഴ്ചയില്‍ ചന്ദ്രബാബു നായിഡുവിന്റെ രണ്ടാമത്തെ ഡല്‍ഹി സന്ദര്‍ശനമാണിത്.
I had a good meeting today with Shri Chandrababu Naidu. Amongst other things, we discussed the issue of opposition unity. I look forward to carrying forward our dialogue and to working together in the upcoming state & general elections. pic.twitter.com/wNowJhP4sm
— Rahul Gandhi (@RahulGandhi) November 1, 2018
ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചന്ദ്രബാബു നായിഡു ബിജെപി നയിക്കുന്ന എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ബിജെപി ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായാണ് നായിഡു രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായും തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ചര്‍ച്ചയില്‍ ധാരണകള്‍ ഉണ്ടായതായാണ് വിവരം. ഇപ്പോള്‍ ബിജെപിയ്ക്ക് എതിരായ വിശാല പ്രതിപക്ഷ ഐക്യം തീര്‍ക്കാനാണ് നായിഡുവിന്റെ നീക്കം.
പ്രതിപക്ഷ ഐക്യത്തെ കുറിച്ച് ചര്‍ച്ച ചെയതെന്നും ചര്‍ച്ച ഒരുമിച്ചുള്ള പ്രവര്‍ത്തിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ബിജെപിയെ തകര്‍ക്കാനായി കഴിഞ്ഞതെല്ലാം മറക്കാന്‍ തീരുമാനിച്ചെന്നും വരുന്ന 2019 ലെ തിരഞ്ഞെടുപ്പിലും തെലുങ്കാന തിരഞ്ഞെടുപ്പിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചെന്നും രാഹുല്‍ പറഞ്ഞു. ചരിത്രപ്രധാനമെന്നാണ് രാഹുല്‍ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. ജനാധിപത്യത്തേയും രാജ്യത്തിന്റെ ഭരണഘടനയേയും പ്രതിരോധിക്കേണ്ടതുണ്ടെന്നും അതിനായി ഒരുമിച്ച് നില്‍ക്കുമെന്നും ഇന്ത്യയെ പ്രതിരോധിക്കാന്‍ സര്‍വ്വ ശക്തിയും പ്രയോഗിക്കുമെന്നും രാഹുല്‍ പറഞ്ഞു.