വിജയവാഡ: സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഏതെങ്കിലും കേസ് അന്വേഷിക്കാനോ പരിശോധനയോ റെയ്ഡുകളോ നടത്താനോ സിബിഐ നേരത്തേ സര്‍ക്കാരിന്റെ അനുവാദം വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

നിലവിലുള്ള അഴിമതി ആരോപണങ്ങളില്‍ സിബിഐയുടെ വിശ്വാസ്യത നഷ്ടമായതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു പറഞ്ഞു. ഇനി മുതല്‍ സിബിഐക്ക് പകരം അഴിമതി കേസുകള്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് (എസിബി) അന്വേഷിക്കുക. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും പരിശോധന നടത്താന്‍ എസിബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ചുകൊണ്ട് തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. സിബിഐയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനേയും ഉപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ നേതാവ് വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബിജെപി കൈകോര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബിഐക്ക് നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ആന്ധ്രാപ്രദേശില്‍ സിബിഐ അന്വേഷിക്കുന്ന കേസുകള്‍ ഒന്നും തന്നെയില്ല. മാംസം കയറ്റുമതി ചെയ്യുന്ന മോയിന്‍ ഖുറേഷിയുടെ കമ്പനിയും വ്യവസായി സനാ സതീഷ് ബാബുവും തമ്മിലുള്ള കേസ് ന്യൂഡല്‍ഹിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1946ലെ ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം സിബിഐക്ക് രാജ്യത്തെ ഏത് ഭാഗത്തും കേസ് അന്വേഷിക്കാനുള്ള അധികാരമുണ്ടെങ്കിലും, സെക്ഷന്‍ 6 പ്രകാരം അതാത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്ര ഏജന്‍സിക്ക് ആ പ്രത്യേക സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook