മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ മകളും ഡിസ്ക് ജോക്കിയുമായ വര്‍ണിക കുണ്ടുവിനെ രാത്രി പിന്തുടര്‍ന്നാക്ക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ഹരിയാന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ്‌ ബരാലയുടെ മകന്‍ വികാസ് ബരാലയ്ക്കും സുഹൃത്ത്‌ ആശിഷ് കുമാറിനും ജയില്‍ വാസം തുടരണം. ഇവരുടെ ജാമ്യ ഹര്‍ജി ചണ്ഢീഗഡ് അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബര്‍ജിന്ദര്‍ പാല്‍ സിംഗ് തള്ളിയതിനെ തുടര്‍ന്നാണിത്.

ഇവരുടെ ജാമ്യവുമായി ബന്ധപ്പെട്ട് കോടതി ചണ്ഢീഗഡ് പോലീസിന്‍റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുത് എന്ന നിലപാടാണ് പോലീസ് കൈക്കൊണ്ടത്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ജാമ്യത്തിനായി മേല്‍ കോടതികളെ സമീപിക്കേണ്ടി വരും.

രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു ഡ്രൈവ് ചെയ്തു പോയിരുന്ന വര്‍ണികയെ റോഡില്‍ പിന്തുടരുകയും ബലമായി പിടിച്ചു വലിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇവര്‍ പോലീസിന്‍റെ പിടിയിലാകുന്നത്. ഇവര്‍ പിന്തുടരുന്ന സമയമത്രയും ധൈര്യം കൈവിടാതെ അവസരോചിതമായി ചിന്തിച്ച്, താന്‍ പിന്തുടരപ്പെടുകയാണെന്നും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നുമുള്ള വിവരങ്ങള്‍ വര്‍ണിക തത്സമയം ഫോണിലൂടെ പോലീസിന് കൈമാറിയിരുന്നു. അങ്ങനെയാണ് ഇവര്‍ പിടിക്കപ്പെടുന്നത്.

സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ വിരേന്ദര്‍ കുണ്ടുവിന്‍റെ മകളാണ് വര്‍ണിക. വികാസിനും ആശിഷിനും എതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തീവ്ര സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും അച്ഛനും മകളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ