Chanda Kochhar Quits ICICI Bank; Sandeep Bakhshi Appointed as New CEO & MD: ന്യൂഡല്‍ഹി: മേധാവി സ്ഥാനത്ത് നിന്നും രാജി വയ്ക്കാന്‍ കത്ത് നല്കിയ ചന്ദാ കൊച്ചാറിന്റെ അപേക്ഷ സ്വീകരിച്ചതായി ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി. എന്നാല്‍ ചന്ദാ കൊച്ചാറിനെതിരായ അന്വേഷണത്തെ രാജി നടപടി ബാധിക്കില്ലെന്നും ബാങ്ക് ബോര്‍ഡ് അറിയിച്ചു. ബാങ്കുമായി ബന്ധപ്പെട്ട മറ്റെല്ലാ സ്ഥാനത്ത് നിന്നും കൊച്ചാര്‍ വിട്ടു നില്‍ക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
സന്ദീപ് ബക്ഷിയെ ആണ് പുതിയ മാനേജിങ് ഡയറക്ടര്‍, സിഇഒ സ്ഥാനത്ത് നിയമിക്കുക. 2023 ഒക്ടോബര്‍ 3 വരെ അഞ്ച് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം. ഐസിഐസിഐ ബാങ്കിന്റെ ജീവനക്കാര്‍ താമസിച്ചിരുന്ന മുംബൈയിലെ ആഡംബര അപ്പാര്‍ട്ടുമെന്റുകളില്‍ ഒന്നായ രാധിക അപ്പാര്‍ട്ട്മെന്റ് 2010-ല്‍ വേണുഗോപാല്‍ ധൂട്ടിന്റെ വീഡിയോകോണ്‍ ഗ്രൂപ്പിന് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് വരുമാന നികുതി വകുപ്പ് കൊച്ചാറിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഐസിഐസി ബാങ്കിന്റെ സിഇഒ ആയിരുന്ന ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും ഉള്‍പ്പെടുന്ന 3250 കോടി രൂപയുടെ അഴിമതി സംബന്ധിച്ച വകുപ്പിന്റെ വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് ഇതും. സ്ക്വയര്‍ ഫീറ്റിന് വിപണി വില 25,000 രൂപയുള്ള ഫ്ലാറ്റുകള്‍ സ്ക്വയര്‍ ഫീറ്റിന് 17,000 രൂപ വച്ച് ആകെ 61 കോടിക്ക് വീഡിയോകോണിന് വിറ്റുവെന്നതാണ് ആരോപണം.
വേണുഗോപാല്‍ ധൂട്ടിന്റെ വീഡിയോകോണ്‍ ഗ്രൂപ്പും കൊച്ചാര്‍ കുടുംബത്തിന്റെ ന്യൂപവര്‍ റിന്വീവബ്ള്‍ ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ വാണിജ്യ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് ഗുപ്ത എന്ന വ്യക്തി മുന്നോട്ട് വന്നതാണ് 3,250 കോടി രൂപയുടെ അഴിമതി സംബന്ധിച്ച അന്വേഷണം തുടങ്ങാന്‍ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ ഓഹരി ഉടമകളെയും പൊതു- സ്വകാര്യ ബാങ്കുകളെയും നിയന്ത്രണ ഏജന്‍സികളെയും വഞ്ചിച്ച് കൊച്ചാര്‍ കുടുംബം വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന് അരവിന്ദ് ഗുപ്ത ആരോപിച്ചിരുന്നു.
കൊച്ചാര്‍ കുടുംബത്തിന്റെ ന്യൂപവര്‍ റിന്വീവബ്ള്‍ ഗ്രൂപ്പിന് 2010ല്‍ വേണുഗോപാല്‍ ധൂട്ട് തനിക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശമുള്ള ഒരു സംരംഭത്തിലൂടെ 64 കോടി കൈമാറി. ഐസിഐസിഐ ബാങ്കില്‍ നിന്നും 3,250 കോടി രൂപ ലോണായി കിട്ടിയതിന് ആറ് മാസം കഴിഞ്ഞ് സംരംഭത്തിന്റെ ഉടമസ്ഥാവകാശം ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന് കൈമാറിയെന്നുമാണ് ആരോപണം. 3,250 കോടി രൂപ അഴിമതി സംബന്ധിച്ച അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ അവധിയില്‍ പോകാന്‍ നിര്‍ബന്ധിതയായ ചന്ദാ കൊച്ചാറിന് പകരം സന്ദീപ് ബക്ഷിയായിരുന്നു ഐസിഐസിഐ തലവനായി ഉണ്ടായിരുന്നത്.
1984-ൽ ഐസിഐസിഐ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയായാണ് കൊച്ചാര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആദ്യ വർഷങ്ങളിൽ ടെക്സ്റ്റൈൽ, പേപ്പർ, സിമന്റ് മേഖലകളിലെ പ്രോജക്ട് അപ്രൈസൽ ആണ് കൈകാര്യം ചെയ്തിരുന്നത്. 1993-ൽ ഐസിഐസിഐ കമേഴ്ഷ്യൽ ബാങ്കിങ് തുടങ്ങുന്നതുവരെ ഐസിഐസിഐ ലിമിറ്റഡിൽ പ്രവർത്തിച്ചു.
പ്രമുഖ ബിസിനസ് മാസികയായ ‘ഫോർച്യുൺ’ 2013-ൽ ലോകത്തെ ശക്തരായ ബിസിനസ് വനിതകളുടെ പേര് പ്രസിദ്ധപ്പെടുത്തിയപ്പോൾ അതിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ ഒരാൾ ചന്ദാ കൊച്ചാർ ആയിരുന്നു. 2005 മുതൽ തുടർച്ചയായി ഈ ലിസ്റ്റിൽ ഇടം പിടിക്കുന്ന ഇന്ത്യക്കാരിയാണ് ഇവർ. 2010-ൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ നൽകി ആദരിക്കപ്പെട്ടു.