ന്യൂഡൽഹി: കോൺഗ്രസ് നേതാവും ചാംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ ചരൺജിത് സിങ് ചാന്നി പഞ്ചാബ് മുഖ്യമന്ത്രിയാവും. കാപ്റ്റൻ അമരീന്ദർ സിംഗ് സ്ഥാനമൊഴിഞ്ഞ് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനത്തിലെത്തിയത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാവും അൻപത്തൊന്നുകാരനായ ചരൺജിത് സിങ് ചാന്നി .
“പഞ്ചാബിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ നേതാവായി ശ്രീ ചരൺജിത് സിങ് ചാന്നിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു,” എന്ന് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. ചാന്നി പഞ്ചാബ് ഗവർണറുടെ വസതിയിലെത്തിയതായാണ് റിപ്പോർട്ടുകൾ.
മുൻ എസ്എഡി-ബിജെപി ഭരണകാലത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ചാന്നി. ആദ്യ മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അമരീന്ദർ സിങ്ങിന്റെ നിലപാടുകളെ വിമർശിച്ചിരുന്ന അദ്ദേഹം പാർട്ടി നേതാക്കൾ ഉന്നയിച്ച വിഷയങ്ങൾ അമരീന്ദർ സിങ് ശ്രദ്ധിക്കാറില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു.
Read More: പഞ്ചാബ്: എംപിമാരുടെ എതിർപ്പ്; സുനിൽ ജാഖറിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഹൈക്കമാൻഡ്
നേരത്തെ, പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് സുനിൽ ജാക്കറിനെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെ ശ്രമത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർന്നിരുന്നു. ജഖറിനെ അംഗീകരിക്കില്ലെന്ന് ഒറ്റക്കെട്ടായി എതിർത്തിരുന്നു.
സംസ്ഥാനത്തെ ദളിത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്ന നേതാവാണ് ചാന്നി. അടുത്തിടെ അമരീന്ദറിനെതിരെ പാർട്ടിയിൽ വിമത ശബ്ദമുയർത്തുകയും ചെയ്യുന്നു. എഐസിസി നേതാവ് രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ളയാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.