കൊൽക്കത്ത: ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാർട്ടികളിലെ മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് രാജ്യത്തെ രക്ഷിക്കാനുള്ള​ പദ്ധതികൾ ആവിഷ്കരിക്കാൻ കത്തിൽ മമത ആവശ്യപ്പെടുന്നു.

ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നതോടെ രാജ്യത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ എണ്ണം വർധിക്കുമെന്നതിനാൽ മമതയുടെ കത്തിന് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.

സെന്റ് സേവ്യർ കോളേജിൽ നടന്ന ഒരു ക്രിസ്മസ് ചടങ്ങിൽ സംസാരിക്കവെ ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അതിനാൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും മമത ബാനർജി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ ഗൗരവമുള്ളതാണെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാനും മമത കത്തിൽ പറയുന്നു.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എൻസിപി മേധാവി ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർക്കാണ് കത്ത് അയച്ചതെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

“ഇന്ന്, മനസ്സിൽ വല്ലാത്ത ആശങ്കകളോടെയാണ് ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത്. ജാതിയ്ക്കും മതത്തിനും ഉപരി ഈ രാജ്യത്തെ പൗരന്മാർ, പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, കൃഷിക്കാർ, തൊഴിലാളികൾ, പട്ടികജാതി അംഗങ്ങൾ, പട്ടികവർഗക്കാർ, ഒബിസികൾ, ന്യൂനപക്ഷങ്ങൾ എന്നിവർ ഇന്ന് ഭയത്തിന്റെയും പരിഭ്രാന്തിയുടെയും പിടിയിലാണ്. സ്ഥിതി ഗുരുതരമാണ്,” മമത ബാനർജിയുടെ കത്തിൽ പറയുന്നു.

“ഇന്ന്, ഈ ക്രൂരമായ ഭരണകൂടത്തിനെതിരെ നാം ഉയർന്നുവരേണ്ടതുണ്ട്. എല്ലാ മുതിർന്ന നേതാക്കളോടും എല്ലാ രാഷ്ട്രീയ സംഘടനകളോടും ഇതിനെതിരെ യോജിച്ച് ഐക്യത്തോടെ നിലകൊള്ളാൻ ഞാൻ ആത്മാർത്ഥമായും സത്യസന്ധമായും അഭ്യർത്ഥിക്കുന്നു. കേന്ദ്രത്തിന്റെ ഈ അവിശുദ്ധ ശ്രമങ്ങളോട് നമുക്ക് സമാധാനപരവും അർത്ഥവത്തായതുമായ എതിർപ്പ് സൃഷ്ടിക്കാം,” അവർ കൂട്ടിച്ചേർത്തു.

തങ്ങളുടെ സർക്കാർ എൻ‌ആർ‌സി നടപ്പാക്കില്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

ഭരണകൂടം ഈ ജനാധിപത്യ നീക്കങ്ങളെ (രാജ്യവ്യാപകമായി വളർന്നുവന്ന പൗരത്വ നിയമത്തോടുള്ള എതിർപ്പിനെ പരാമർശിക്കുന്നു) അടിച്ചമർത്താൻ ശ്രമിക്കുന്നു. നമ്മുടെ പൂർവ്വികരുടെ ഇന്ത്യയെ രക്ഷിക്കാൻ നമുക്ക് എഴുന്നേൽക്കാം. ”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook