ന്യൂഡൽഹി: ഗർഭാശയഗള കാൻസറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വാക്സിൻ അടുത്ത വർഷം ഏപ്രിൽ-മേയ് മാസത്തോടെ ലഭ്യമാകും. രാജ്യത്തെ ഒൻപതിനും14നും ഇടയിൽ പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും വാക്സിൻ നൽകാനുള്ള യജ്ഞം 2023 പകുതിയോടെ തുടക്കമാകും.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് സെർവവാക് എന്ന വാക്സിൻ വികസിപ്പിച്ചത്. വാക്സിന്റെ ഒരു ഡോസ് വില 200 നും 400നും ഇടയിലായിരിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പുനെവാല നേരത്തെ അറിയിച്ചിരുന്നു. നിലവിൽ വിദേശ എച്ച്പിവി വാക്സിനുകളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. വിപണിയിൽ ഒരു ഡോസിന് 2500-3300 എന്ന വിലയിലാണ് വാക്സിൻ ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ അർബുദ ചികിത്സാ രംഗത്ത് നാഴികക്കല്ലാകും സെർവവാകിന്റെ വരവെന്നാണു വിലയിരുത്തൽ.
ഒൻപതിനും പതിനാലിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് എച്ച്‌പിവി വാക്സിൻ നൽകുക. അതുകഴിഞ്ഞ് ഒമ്പത് വയസുള്ള കുട്ടികൾക്കുള്ള പതിവ് പ്രതിരോധ കുത്തിവയ്‌പിന്റെ ഭാഗമായി വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജൂലൈയിൽ 13 കേന്ദ്രങ്ങളിൽ നടത്തിയ ഇമ്യൂണോജെനിസിറ്റി പരീക്ഷണത്തിന്റെ വിവരങ്ങൾ ലഭ്യമാക്കിയശേഷമാണു ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി സി ജി ഐ)യിൽനിന്നു വാക്സിൻ വിതരണത്തിനുള്ള അനുമതി സിറം ഇൻസ്റ്റിറ്റ്യൂട്ടിനു ലഭിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറുകളിൽ രണ്ടാമതാണ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സർ. കാന്‍സര്‍ വിഭാഗത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ്. ലൈംഗിക ബന്ധത്തില്‍ക്കൂടി പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) ആണ് ഈ രോഗത്തിന് കാരണമാകുന്നത്.
30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണു രോഗം ബാധിക്കുന്നത്. പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം പ്രതിരോധ കുത്തിവയ്പെടുക്കുക എന്നതാണ്. ഒമ്പതിനും പതിമൂന്നു വയസ്സിനുമിടയില്‍ പ്രതിരോധ കുത്തിവയ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.