ഗർഭാശയ കാൻസറിനുള്ള പ്രതിരോധ മരുന്ന് യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നീക്കം ആർ എസ് എസ്സിന്റെ ഇടപെടൽ മൂലം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുന്നു. ആർ എസ് എസ്സിന്റ്റെ സാമ്പത്തിക വിഭാഗം രണ്ടു ദിവസം മുൻപാണ് ഇതുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. തുടർന്ന് ആരോഗ്യ മന്ത്രാലയം പദ്ധതി ഉപേക്ഷിക്കാനുളള തീരുമാനം തത്വത്തിലെടുത്തത്. ഇന്ത്യയിൽ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറിൽ രണ്ടാം സ്ഥാനമാണ് സെർവിക്കൽ ക്യാൻസറിന്‌.

പദ്ധതി രോഗപ്രതിരോധ വകുപ്പിന്റെ സാങ്കേതിക ഉപദേശക ബോർഡിന്റെ പരിഗണനയിലാണെന്ന് പറയുന്നുണ്ടെങ്കിലും, സെർവിക്കൽ കാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് അടുത്ത കാലത്തൊന്നും പദ്ധതിയുടെ ഭാഗമാകില്ലെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്റെ ഉപ സമിതി ഈ വാക്സിൻ ഇന്ത്യയിൽ നൽകണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ തൽകാലം പദ്ധതിയുമായി മുന്നോട്ടുപോകുന്നില്ല എന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

ഉപസമിതി പദ്ധതി നടപ്പാക്കണമെന്ന് ശുപാർശ ചെയ്തതിനെ തുടർന്ന് ഡിസംബർ 19 ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷൻ ഇക്കാര്യം സംസാരിക്കാൻ യോഗം ചേർന്നു ഏങ്കിലും തീരുമാനത്തിലെത്താതെ പിരിഞ്ഞു. തുടർന്നാണ് ആർ എസ എസ്സിന്റെ സ്വദേശി ജാഗരൺ മഞ്ച് മരുന്നിന്റെ സുരക്ഷയെയും, വിലയേയും കുറിച്ചുള്ള ആശങ്കകൾ പ്രധാന മന്ത്രിയെ അറിയിച്ചത്.

യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ഫലവത്തായി പ്രവർത്തിക്കുന്നതിനിടെ, ഇത്തരം സംശയാസ്പദമായ പ്രതിരോധ മരുന്നിനായി പ്രയത്നിച്ചാൽ മറ്റു പദ്ധതികൾ അവതാളത്തിലാവുകയും, കുട്ടികളെ അനാവശ്യമായി മറ്റൊരു പ്രതിരോധ മരുന്ന് യത്നത്തിലേക്കു തള്ളിവിടുകയും വേണ്ടിവരുമെന്ന് സ്വദേശി ജാഗരൺ മഞ്ചിന്റെ ദേശീയ കൺവീനർ അശ്വിനി മഹാജൻ പ്രധാന മന്ത്രിക്കെഴുതിയ കത്തിൽ പറഞ്ഞു.

ഗാർഡാസിൽ, ഗ്ലാക്സോ സ്മിത്ക്ളിൻ എന്നീ രണ്ടു കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ ഈ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ ധാരാളമായി ഉപയോഗിച്ചു വരുന്ന പ്രതിരോധ മരുന്ന് കൂടിയാണിത് – ഡോക്ടറുടെ നിർദേശ പ്രകാരവും രോഗികളുടെ ആവശ്യപ്രകാരവും. ഒരു ഡോസിന് ഏകദേശം 300 രൂപയാണ് മരുന്നിന്റെ വില.

“ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെടുന്നു. രാജ്യത്തെ സ്ഥാപിത താൽപര്യക്കാർക്ക് വിൽക്കാനും, ശാസ്ത്രത്തെ ദുഷിപ്പിക്കുവാനും അതുവഴി ശാസ്ത്രലോകത്തിന് അപമാനം വരുത്തിവെക്കാനുമുള്ള ചില സംഘങ്ങളുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കും.” കത്ത് മുന്നറിയിപ്പ് നൽകി.

150 ലധികം വൈറസുകളുടെ ഒരു കൂട്ടമാണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്. ലൈംഗീയകാവയവത്തിനരികയടക്കമുള്ള ശരീര ഭാഗങ്ങളിൽ മുഴ പ്രത്യക്ഷപ്പെടുകയാണ് ലക്ഷണം.സ്പർശനത്താൽ പോലും ഇവ മറ്റുള്ളവരിലേക്ക് പകരുകയും കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. സാധാരണയായി സ്ത്രീകളിൽ ഗർഭാശയ ക്യാൻസറിനാണ് ഈ വൈറസ് കാരണമാകുന്നത്. ഗർഭാശയ കാൻസറിനെ പ്രതിരോധിക്കൻ ലോകാരോഗ്യ സംഘടന ഈ പ്രതിരോധ മരുന്നാണ് നിർദേശിക്കുന്നത്. ഒമ്പതിനും 14 നും ഇടക്കുള്ള പെൺകുട്ടികളെ ഈ മരുന്ന് സ്വീകരിക്കാൻ പ്രേരിപ്പിക്കണമെന്നും ഡബ്ള്യു എച്ച് ഒ ഊന്നിപ്പറയുന്നു.

‘ഇന്റർനാഷണൽ ജേണൽ ഓൺ വിമൻസ് ഹെൽത്ത്’ എന്ന പ്രസിദ്ധീകരണത്തിൽ വന്ന ലേഖന പ്രകാരം, ഇന്ത്യയിൽ ഓരോ വർഷവും 122,844 സ്ത്രീകളാണ് ഗർഭാശയ ക്യാൻസറിന് അടിമപ്പെടുന്നത്. ഇതിൽ 67,477 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. ഇന്ത്യയിൽ 15 വയസ്സുള്ള 432.2 മില്യൺ പെൺകുട്ടികൾക്കും 44 വയസ്സ് വരെയുള്ളവർക്കുമാണ് രോഗം വരാൻ ഏറെ സാധ്യത. ദക്ഷിണ ഏഷ്യയിൽ ഇന്ത്യയാണ് ഗർഭാശയ കാൻസർ ബാധിച്ചവരുടെ പട്ടികയിൽ മുന്നിൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ