ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായി രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുമ്പോൾ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യം രാജ്യത്തെ റോഹിങ്ക്യൻ അഭയാർഥികളെ ഇവിടെ നിന്നും നാടുകടത്തുകയായിരിക്കുമെന്ന് ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു.
വെള്ളിയാഴ്ച ജമ്മുവിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിങ്. “സർക്കാരിന്റെ അടുത്ത നീക്കം റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തലായിരിക്കും. ഇവരെ നാടുകടത്താനുള്ള വഴികൾ സർക്കാർ പരിഗണിക്കുന്നുണ്ട്.”
Read More: രാഹുല്‍ ഗാന്ധിക്ക് ഇറ്റാലിയന്‍ പരിഭാഷ നല്‍കാം; പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ
പാർലമെന്റ് പാസാക്കിയ ദിവസം തന്നെ പൗരത്വ ഭേദഗതി നിയമം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ ബാധകമായിരുന്നുവെന്നും കേന്ദ്രമന്ത്രി ഓർമിപ്പിച്ചു. ജമ്മുവിൽ റോഹിങ്ക്യൻ അഭയാർഥികളുടെ ഗണ്യമായ എണ്ണമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിങ് അവരുടെ ബയോമെട്രിക്സ് ശേഖരിക്കുമെന്നും ഒരു പട്ടിക തയ്യാറാക്കുമെന്നും പറഞ്ഞു.
“പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ എന്നീ ആറ് മത ന്യൂനപക്ഷങ്ങളുടേയും ഭാഗമല്ല റോഹിങ്ക്യൻ അഭയാർഥികൾ. അവർ മ്യാൻമറിൽ നിന്നുള്ളവരാണ്. സിഎഎയുടെ കീഴിൽ ഇന്ത്യൻ പൗരത്വത്തിന് അർഹതയില്ലാത്തതിനാൽ ഇവിടെ നിന്നും പോകേണ്ടതുണ്ട്,” ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇന്ത്യയിൽ അഭയാർഥികൾക്കായി ഒരു പ്രത്യേക ചട്ടം ഇല്ല. മ്യാൻമറീസ് സായുധ സേനയുടെ ഉപദ്രവത്തെത്തുടർന്ന് 2011 അവസാനത്തോടെ റോഹിങ്ക്യകൾ ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശത്ത് എത്തിത്തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യുഎൻഎച്ച്‌സിആറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 14,000 റോഹിങ്ക്യൻ അഭയാർഥികളാണ് ഇന്ത്യയിലുള്ളത്. 40,000 റോഹിങ്ക്യകൾ അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
റോഹിങ്ക്യകൾ ഉൾപ്പെടെ 22 മ്യാന്മർ പൗരന്മാരെ 2017 മുതൽ ഇന്ത്യ നാടുകടത്തിയതായി ഈ വർഷം ആദ്യം ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു.