/indian-express-malayalam/media/media_files/uploads/2023/08/camp.jpg)
മണിപ്പൂര്‍ കലാപം: ദുരിതബാധിതരെ സഹായിക്കാന്‍ കേന്ദ്രം ധനസഹായ പദ്ധതികള്‍ ഒരുക്കുന്നു
ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് കേന്ദ്രം ധനസഹായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങള്‍ക്കും വ്യക്തിഗത വസ്തുക്കള്‍ക്കും ഒറ്റത്തവണ ധനസഹായം, കര്‍ഷകര്‍ക്കുള്ള പാക്കേജ്, താല്‍ക്കാലിക ഭവനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുള്ള ടെലിവിഷന്‍ സെറ്റുകള്‍, സംഘര്‍ഷം ബാധിച്ച ജില്ലകളിലെ കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
360-ലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി 56,000-ലധികം ആളുകള്‍ കഴിയുന്നതിനാല്‍, മിക്കവര്‍ക്കും അവരുടെ സ്വകാര്യ വസ്തുക്കള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങള്‍ക്കും മറ്റ് അവശ്യവസ്തുക്കള്‍ക്കുമായി 5.65 കോടി രൂപയുടെ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അക്രമം കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതിനാല്‍, ഉപജീവനമാര്‍ഗം നിലച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 38.6 കോടി രൂപയുടെ പാക്കേജ് നല്‍കാനും നിര്‍ദ്ദേശമുണ്ട്.
150 കോടി രൂപയുടെ ധനസഹായം ദുരിതബാധിതര്‍ക്ക് മൂവായിരത്തോളം താല്‍ക്കാലിക വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അക്രമത്തില്‍ 4,500 വീടുകള്‍ തകര്‍ന്നതായും സ്‌കൂളുകള്‍, പള്ളികള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ഒഴിഞ്ഞ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ താമസിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മഴക്കാലത്തിന് മുന്നോടിയായി ആളുകളെ സെമി പെര്‍മനന്റ് ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കായി 5 ലക്ഷം രൂപ ചെലവില്‍ 300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓരോ വീടും - രണ്ട് മുറികളും ഒരു കുളിമുറിയും - നിര്‍മ്മിച്ച് നല്‍കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ കുടുംബങ്ങളെ തിരിച്ചറിയുകയും അവരുടെ പുനരധിവാസം സംബന്ധിച്ച് ചുമതലപ്പെടുത്തുമെന്നും '' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ടിവി സെറ്റുകള്‍ നല്‍കുകയും പ്രാദേശിക പഞ്ചായത്ത് ഓഫീസുകളില്‍ അവ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു പദ്ധതി, അക്രമം കാരണം നാടുവിട്ടവര്‍ക്ക് ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ സ്‌കൂളുകളിലേക്കും ഓണ്‍ലൈന്‍ പഠനങ്ങളിലേക്കും പ്രവേശനം നഷ്ടപ്പെട്ടു. ഓഫ്ലൈന്‍ ക്ലാസുകള്‍ക്കായി 450 ഓളം സെറ്റുകള്‍ ക്യാമ്പുകളില്‍ നല്‍കാന്‍ പദ്ധതിയുണ്ട്. 4.5 കോടി രൂപയാണ് പാക്കേജിന്റെ ആകെ ചെലവ്.
സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതുവരെ എന്‍സിഇആര്‍ടിയില്‍ നിന്നും മറ്റുള്ളവയില്‍ നിന്നുമുള്ള വിദ്യാഭ്യാസ ഉള്ളടക്കം റിലേ ചെയ്യാന്‍ ടിവി സെറ്റുകള്‍ ഉപയോഗിക്കുമെന്നും അതിനുശേഷം നിലവിലുള്ള സ്‌കൂളുകളില്‍ അധിക സഹായമായി ഉപയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അക്രമ ബാധിത ജില്ലകളിലെ ആയിരത്തിലധികം കമ്പ്യൂട്ടറുകള്‍ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്, അവിടെ തടസ്സങ്ങളില്ലാതെ ഇന്റര്‍നെറ്റ് നല്‍കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. ഈ പദ്ധതിക്ക് 11 കോടി രൂപയാണ് ചെലവ്.
അക്രമം സംസ്ഥാനത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ജൂണില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. അടിയന്തര ചെലവുകള്‍ക്കായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കേന്ദ്ര നികുതിയുടെ പ്രതിമാസ വിഹിതം 150 കോടി രൂപയായി വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അക്രമസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ നികുതി പിരിവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഏപ്രിലില്‍ 211 കോടി രൂപയായിരുന്നത് മെയ് മാസത്തില്‍ 110 കോടിയായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us