ഗുവാഹത്തി: യാതൊരു കാരണവശാലും ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് കൗണ്‍സിലിന്റെ 69-ാമത് പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ആര്‍ട്ടിക്കിള്‍ 371 ഉം റദ്ദാക്കുമെന്ന് നോര്‍ത്ത് ഈസ്റ്റുകാരെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ നേരത്തെ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത് പോലെ ആര്‍ട്ടിക്കിള്‍ 371 നെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്നും ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ആര്‍സിയെ സംബന്ധിച്ച് പല സംശയങ്ങളും ഉയരുന്നുണ്ടെന്ന് അതിനാല്‍ തങ്ങളുടെ നിലപാട് വീണ്ടും പറയുകയാണെന്ന് പറഞ്ഞ ഷാ ബിജെപി സര്‍ക്കാര്‍ ഒരു അനധികൃത കുടിയേറ്റക്കാരേയും മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

‘ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഒറ്റ അനധികൃത കുടിയേറ്റക്കാരനെപ്പോലും രാജ്യത്ത് നിര്‍ത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് അനുവദിക്കില്ല. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

3,30,27,661 പേരാണ് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാന്‍ വേണ്ടി അപേക്ഷിച്ചിരിക്കുന്നത്. അവസാന പട്ടികയല്‍ 3,11,21,004പേര്‍ ഉള്‍പ്പെടുകയും 19,06,657 പുറത്താക്കപ്പെടുകയും ചെയ്തുവെന്ന് എന്‍.ആര്‍.സിയുടെ ഏകോപന സമിതി ഓഫീസ് ആഗസ്റ്റ് 31 ന് അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook