ന്യൂഡൽഹി: കോവിഡിന്റെ ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്ന് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. ഉയർന്ന പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു.
വാർ റൂമുകൾ സജീവമാക്കാനും രോഗ വ്യാപനത്തിലുണ്ടാകുന്ന വർധനവ് വിശകലനം ചെയ്യാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് കേസുകൾ ഉയരുന്നതിന്റെ ആദ്യ സൂചനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ കേസുകൾ കൂടുതൽ സ്ഥിരീകരിക്കുന്നതും കണക്കിലെടുത്ത് പ്രത്യേക നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് കേന്ദ്രം നിർദേശിച്ചു.
ഇന്ത്യയിലെ ഒമിക്രോൺ കേസുകളുടെ ആകെ എണ്ണം 200 കടന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നിർദേശം. ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ രണ്ടക്കം കടന്നിട്ടുണ്ട് – മഹാരാഷ്ട്ര (54), ഡൽഹി (54), തെലങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത്. (14) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
“ജില്ലാ തലത്തിൽ, കോവിഡ് ബാധിച്ചവരുടെ എണ്ണം, ഭൂമിശാസ്ത്രപരമായ വ്യാപനം, ആശുപത്രി, അടിസ്ഥാന സൗകര്യങ്ങൾ, അതിന്റെ വിനിയോഗം, ആരോഗ്യപ്രവർത്തകരുടെ എണ്ണം, കണ്ടെയ്ൻമെന്റ് സോണുകളെ അറിയിക്കൽ, കണ്ടെയ്ൻമെന്റ് സോണുകളുടെ പരിധി നിശ്ചയിക്കൽ തുടങ്ങിയവ കണക്കുകളുടെ അടിസ്ഥാനത്തിൽ നിരന്തരം അവലോകനം ചെയ്യണം. ജില്ലാതലത്തിൽ തന്നെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിന് ഇത് അടിസ്ഥാനമായെടുക്കണം. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന് മുമ്പ് പ്രാദേശിക തലത്തിൽ തന്നെ അതിനെ നിയന്ത്രിക്കുന്നുണ്ടെന്ന് ഈ തന്ത്രത്തിലൂടെ ഉറപ്പാക്കാം,” നിർദേശത്തിൽ പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ ഒരു ജില്ലയിൽ 10 ശതമാനമോ അതിൽ കൂടുതലോ പോസിറ്റിവിറ്റി റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, അല്ലെങ്കിൽ ഓക്സിജൻ കിടക്കകളിൽ 40 ശതമാനമോ അതിൽ കൂടുതലോ നിറയുകയാണെങ്കിൽ സ്വീകരിക്കേണ്ട ജില്ലാതല നിയന്ത്രണ നടപടികളും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രാദേശിക സാഹചര്യത്തെ അടിസ്ഥാനമാക്കി, ജനസംഖ്യയും ഒമിക്രോണിന്റെ ഉയർന്ന വ്യാപനവും കണക്കിലെടുത്ത് ഈ ഒരുഘട്ടത്തിലേക്ക് എത്തുന്നതിന് മുമ്പുതന്നെ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കഴിയും.
“രാത്രി കർഫ്യൂ ഏർപ്പെടുത്തൽ, വലിയ ഒത്തുചേരലുകൾക്ക് കർശന നിയന്ത്രണം, വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കൽ, ഓഫീസുകൾ, വ്യവസായങ്ങൾ, പൊതുഗതാഗതം എന്നിവയിലെ ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കൽ” തുടങ്ങിയവയാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്ന നിയന്ത്രണ നടപടികൾ. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ സംബന്ധിച്ച് ഉടനടി അറിയിപ്പ് നടത്തണം, നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിന് പരിധി നിശ്ചയിക്കണം. ക്ലസ്റ്ററിലെ എല്ലാ സാമ്പിളുകളും ജീനോം സീക്വൻസിങ്ങിനായി അയയ്ക്കണമെന്നും നിർദേശമുണ്ട്.
Also Read: ഒമിക്റോണിനെതിരെ വാക്സിനുകൾ ഫലപ്രദമല്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നുമില്ല: സർക്കാർ
നിലവിലെ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി, കോവിഡിന്റെ ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനാൽ പ്രാദേശിക തലത്തിൽ തീരുമാനങ്ങൾ സ്വീകരിക്കുന്നത് വേഗത്തിലായിരിക്കണമെന്നും പറയുന്നു.
പരിശോധനയിലും നിരീക്ഷണത്തിലും കൂടുതൽ ശ്രദ്ധ വേണമെന്നും നിർദേശിക്കുന്നു. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കണം, ഹോം ഐസൊലേഷൻ കർശനമായി നടപ്പാക്കണം, എല്ലാവരും വാക്സിൻ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.