ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ എല്ലാവരും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പുതിയ ഐടി മന്ത്രി അശ്വിനി വൈഷ്ണോ. കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള കലഹം രൂക്ഷമായിരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
”നാടിന്റ നിയമം എല്ലാവരും പാലിക്കണം,” മന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അശ്വിനി വൈഷ്ണോ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
രാജ്യത്തെ പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള കടുത്ത വെല്ലുവിളി നേരിടുകയാണ്. പുതിയ ഐടി ചട്ട പ്രകാരം, 50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍, ഗ്രീവന്‍സ് ഓഫീസര്‍ എന്നിങ്ങനെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കണം. ഈ മൂന്ന് പേരും ഇന്ത്യയില്‍ താമസക്കാരുമായിരിക്കണം.
ചട്ടങ്ങള്‍ മേയ് 26 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. സര്‍ക്കാരില്‍ നിന്ന് ആവര്‍ത്തിച്ച് ഓര്മപ്പെടുത്തലുകള് നല്‍കിയിട്ടും ട്വിറ്റര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല.
അതിനിടെ, ഐടി ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ഐടി ചട്ടങ്ങള്‍ പ്രകാരം നിയമിക്കപ്പെടേണ്ട ഉദ്യോഗസ്ഥരെ ഇടക്കാലത്തേക്ക് പരാമര്ശിക്കുന്നതിനെക്കുറിച്ചും കോടതി ട്വിറ്ററിനെ ചോദ്യം ചെയ്തു.
Also Read: ഡല്‍ഹി കലാപം: നിയമസഭാ സമിതി സമന്‍സിനെതിരായ ഫേസ്ബുക്ക് ഇന്ത്യ എംഡിയുടെ ഹര്‍ജി തള്ളി
ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിന്റെ അസ്സല് സമര്‍പ്പിക്കാന്‍ ട്വിറ്ററിന് രണ്ടാഴ്ച ജസ്റ്റിസ് രേഖ പല്ലി അനുവദിച്ചു. സത്യവാങ്മൂലത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് 13നു സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിനൊപ്പം ഇതിനകം നിയമനം നടത്തിയതായി പറഞ്ഞ ഉദ്യോഗസ്ഥന്റെയും നിയമനം ലഭിച്ച വ്യക്തികളുടെയും സത്യവാങ്മൂലവും നല്‍കണമെന്നും കോടതി വ്യക്തമാക്കി.
”നിയമങ്ങള്‍ പാലിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ട്വിറ്ററിന് സമയം അനുവദിച്ചിരിക്കുകയാണെന്നും ഇടക്കാല സംരക്ഷണം അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കിയതിനാല്‍, നിയമലംഘനമുണ്ടായാല്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയും,”കേസ് ജൂലൈ 28 ന് കേസ് പരിഗണിക്കാനായി മാറ്റിക്കൊണ്ട് കോടതി പറഞ്ഞു.
പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച മേയ് 26 മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവിലെ ആദ്യത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ജൂലൈ 11 നുശേഷമാകില്ലെന്ന് ട്വിറ്റര്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറഞ്ഞു.
ഇന്ത്യയില്‍ താമസിക്കുന്ന ജീവനക്കാരനെ ജൂലൈ ആറ് മുതല്‍ ഇടക്കാല ചീഫ് കംപ്ലയിന്‍സ് ഓഫീസറായി നിയമിച്ചതായി ട്വിറ്റര്‍ കോടതിയെ അറിയിച്ചു. നോഡല്‍ കോണ്ടാക്റ്റ് ഓഫീസര്‍ തസ്തികയില്‍ യോഗ്യതയുള്ള തദ്ദേശീയ വ്യക്തിയെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമിക്കാന്‍ കഴിയുമെന്നാണ് ഉറച്ചവിശ്വാസമെന്നും ട്വിറ്റര്‍ അറിയിച്ചു. ഇടക്കാല ഗ്രീവന്‍സ് ഓഫീസറായി നിയമിക്കാനുള്ള തയാറെടുപ്പിലാണെന്നും ജൂലൈ 11-നോ അതിനുമുമ്പോ സാധ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്റര്‍ കോടതിയെ അറിയിച്ചു.