ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജികളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കമ്മീഷണർ രാജീവ് കുമാർ സിബിഐയ്ക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തവിട്ടു. അന്വേഷണവുമായി സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു.

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ തെളിവുകളായ ഇലക്ട്രോണിക് രേഖകള്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചുവെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് രാവിലെ 10.30ന് സിബിഐയുടെ ഹര്‍ജിയില്‍ വാദം കേട്ടത്. അന്വേഷണവുമായി സഹകരിക്കണമെന്നും അതേസമയം കമ്മീഷണറെ അറസ്റ്റ് ചെയ്യാനോ ബലപ്രയോഗം നടത്താനോ പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കോടതി അലക്ഷ്യ ഹര്‍ജികളില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജീപി എന്നിവര്‍ക്ക് കോടതി നോട്ടീസ് അയ്യച്ചു.

പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ ഇന്നലെ സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

തെളിവ് ഹാജരാക്കിയാല്‍ ശക്തമായ നടപടി പൊലീസ് കമ്മീഷണര്‍ക്കെതിരെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചുവന്ന ഡയറിയും പെന്‍ഡ്രൈവും കാണാനില്ല എന്നാണ് സിബിഐ പറഞ്ഞത്. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കും എതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയും സിബിഐ നല്‍കിയിട്ടുണ്ട്.

അതേസമയം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരംഭിച്ച സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു. സിബിഐക്ക് എതിരെയല്ല, കേന്ദ്രസര്‍ക്കാരിന് എതിരെയാണ് സമരമെന്നും ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുള്ള സമരം വെള്ളിയാഴ്ച വരെ തുടരുമെന്നും മമത വ്യക്തമാക്കി.

സമരത്തിന് പിന്തുണയുമായി തെരുവിലിറങ്ങിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും കോലങ്ങള്‍ കത്തിച്ചു. പലയിടത്തും ട്രെയിനുകള്‍ തടഞ്ഞു. ദേശീയ പാത ഉപരോധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook