ന്യൂഡല്‍ഹി: വ്യാജ ലൈസന്‍സുകള്‍ തയുന്നതിന്റെ ഭാഗമായി ഡ്രൈംവിംഗ് ലൈസന്‍സുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സുപ്രിംകോടതി ജഡ്ജി കെഎസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ സമിതിയാണ് ജസ്റ്റിസ് മധന്‍ ബി ലോകൂറിനേയും ദീപക് ഗുപ്തയേയും ഇത് സംബന്ധിച്ച് അറിയിച്ചത്. റോഡ് സുരക്ഷയെ കുറിച്ച് പഠിക്കാനായാണ് സുപ്രിംകോടതി സമിതിയെ നിയോഗിച്ചത്.

ഗതാഗത വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമായി കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് യോഗം ചേര്‍ന്നെന്നും വ്യാജ ലൈസന്‍സ് അടക്കമുളള പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തെന്നും സമിതി കോടതിയെ അറിയിച്ചു. സാര്‍ത്തി-4 സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് എല്ലാ ലൈസന്‍സുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ നടപടികള്‍ തുടങ്ങിയതായാണ് ഗതാഗത വകുപ്പ് ജോയിന്റ് സെക്രട്ടറി സമിതിയെ അറിയിച്ചത്.

ഈ സോഫ്റ്റ് വെയര്‍ എല്ലാ സംസ്ഥാനങ്ങളിലേയും ആധാര്‍-ലൈസന്‍സ് വിവരങ്ങള്‍ ശേഖരിച്ച് വ്യാജ ലൈസന്‍സ് ഉണ്ടാക്കുന്നതിനോ ഡൂപ്ലിക്കേറ്റ് എടുക്കുന്നതിനോ തടയിടുമെന്നും സമിതി കോടതിയെ അറിയിച്ചു. 2017ലെ റോഡപകടങ്ങളെ കുറിച്ചുളള വിവരങ്ങള്‍ കൈമാറണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമിതി കോടതിയെ അറിയിച്ചു. 2016നെ അപേക്ഷിച്ച് 2017ല്‍ റോഡപകടങ്ങള്‍ മൂന്ന് ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ