ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം 75 രൂപയുടെ നാണയം പുറത്തിറക്കും. സ്വാതന്ത്ര്യത്തിന്റെ 75–ാം വാര്‍ഷികമെന്ന നിലയിലും ഈ നാണയത്തെ കരുതാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. മേയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക.
44 മില്ലിമീറ്റർ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയമാണിത്. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം വീതം നിക്കലും സിങ്കും ചേര്‍ത്താണ് നാണയം നിര്‍മിക്കുക. നാണയത്തിന്റെ മധ്യഭാഗത്ത് അശോക സ്തംഭം ആലേഖനം ചെയ്തിരിക്കും. അതിനുതാഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. ഇടതുവശത്ത് ദേവനാഗരി ലിപിയിൽ ഭാരതം എന്നും വലതും വശത്ത് ഇംഗ്ലീഷിൽ ഇന്ത്യ എന്നും എഴുതിയിരിക്കും.
നാണയത്തിന്റെ മറുപുറത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമുണ്ടായിരിക്കും. സന്‍സദ് സന്കുര് എന്ന് ദേവനാഗരി ലിപിയില്‍ മുകളിലും താഴെ പാര്‍ലമെന്റ് സമുച്ചയമെന്ന് ഇംഗ്ലിഷിലും രേഖപ്പെടുത്തും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന്‍ 19 പ്രതിപക്ഷപാര്‍ട്ടികൾ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ഡിഎംകെ, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി (എഎപി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), എന്നിവ ഉള്‍പ്പെടുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), സമാജ്വാദി പാര്‍ട്ടി (എസ്പി), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), മുസ്ലീം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (എം), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), വിടുതലൈ ചിരുതൈകള്‍ പാര്‍ട്ടി (വിസികെ), രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) എന്നീ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ലമെന്റിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ മോദിക്ക് പകരം മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. 2020 ഡിസംബറില്‍ നടന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും കോണ്‍ഗ്രസും മറ്റ് നിരവധി പ്രതിപക്ഷ പാര്‍ട്ടികളും ഒഴിവാക്കിയിരുന്നു.