ന്യൂഡല്‍ഹി: നവംബര്‍ ആദ്യവാരത്തോടെ ആധാര്‍ കേസ് പുനരാരംഭിക്കുമെന്ന് സുപ്രീംകോടതി. ഇതോടെ വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ആധാര്‍ നിർബന്ധമാക്കുന്നതിനുള്ള അന്തിമ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു.

2015 മുതലുള്ള 12 അക്ക ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പരാതിയുടെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതി വിധി. കഴിഞ്ഞയാഴ്ചയായിരുന്നു സുപ്രീംകോടതി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച്, സ്വകാര്യത മൗലികാവകാശമാണെന്ന വിധി പുറപ്പെടുവിച്ചത്.

സ്വകാര്യത മുഴുവനായും ഉറപ്പുവരുത്താനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നത്. വിഷയത്തില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യത ഉറപ്പുവരുത്താമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, ആര്‍കെ അഗര്‍വാള്‍, സഞ്ജയ് കിഷോര്‍ കൗള്‍, റോഹിന്‍ടണ്‍ നരിമാന്‍, എസ്.അബ്ദുള്‍ നസീര്‍, അഭയ് മനോഹര്‍ സാപ്ര എന്നിവരാണ് കേസില്‍ വാദം കേട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ