സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാരത്തിന് വേണ്ടി 1.1 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ വായ്പയെടുക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരമായി വായ്പയെടുത്ത തുക ബാക്ക്-ടു-ബാക്ക് വായ്പയായി സംസ്ഥാനങ്ങൾക്ക് കൈമാറുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുന്നതിൽ ഇടിവുണ്ടാക്കി. 2017 ജൂലൈയിൽ ജിഎസ്ടി നിലവിൽ വന്നത് മുതൽ വിൽപ്പന നികുതി അഥവ വാറ്റ് പോലുള്ള പ്രാദേശിക നികുതികൾ ഈടാക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് അവസാനിച്ചതോടെ ഇത് സംസ്ഥാന ബജറ്റിനെയും ബാധിച്ചു.
മുൻ ധനമന്ത്രി പി ചിദംബരം കേന്ദ്രത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി. കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും തങ്ങളുടെ നിലപാടിനെ പിന്തുണച്ച എല്ലാ സാമ്പത്തിക വിദഗ്ധർക്കും അക്കാദമിക് വിദഗ്ധർക്കും മാധ്യമങ്ങൾക്കും നന്ദി അറിയിക്കുന്നെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ജിഎസ്ടി കൗൺസിൽ യോഗത്തിൽ നടത്തിയ ചർച്ചയിൽ സമവായം കണ്ടെത്താനായില്ലായിരുന്നു. നേരത്തെ ഒക്ടോബർ 5 ന്, 42-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലും ഈ വിഷയം ചർച്ചയായി. ബിജെപി ഭരിക്കാത്ത 10 സംസ്ഥാനങ്ങൾ കേന്ദ്രം അവതരിപ്പിച്ച രണ്ട് വായ്പയെടുക്കൽ നിർദേശങ്ങളും നിരസിച്ചു. നഷ്ടപരിഹാരം നികത്താൻ സംസ്ഥാനങ്ങൾക്ക് പകരം കേന്ദ്രം പണം കടം വാങ്ങേണ്ടതുണ്ടെന്ന് ധനമന്ത്രാലയം ആവർത്തിക്കുകയും ചെയ്തു.