scorecardresearch
Latest News

Express Impact: ഖത്തറില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സഹായ വാഗ്ദാനവുമായി കേന്ദ്രവും തെലങ്കാന സര്‍ക്കാരും

ഖത്തറിലെ തൊഴിലുടമകളില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Express Impact: ഖത്തറില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സഹായ വാഗ്ദാനവുമായി കേന്ദ്രവും തെലങ്കാന സര്‍ക്കാരും

ഹൈദരാബാദ്/ന്യൂഡൽഹി: ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെ മരിച്ച ഇന്ത്യന്‍ തൊഴിലാളികളുടെ അടുത്ത ബന്ധുക്കള്‍ക്ക് സഹായം ഉറപ്പാക്കാന്‍ കേന്ദ്രവും തെലങ്കാന സര്‍ക്കാരും. തൊഴിലാളികളുടെ മരണക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഈ തീരുമാനം.

ഖത്തറിലെ തൊഴിലുടമകളില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മരിച്ചവരില്‍ അധികവും തെലങ്കാനയില്‍ നിന്നുള്ളവരാണ്.വിഷയം സംസ്ഥാനം റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്നും, ബാധകമാണെങ്കില്‍ ഒരു കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെയുള്ള നഷ്ടപരിഹാര പാക്കേജ് തീരുമാനിക്കാന്‍ കഴിയുമെന്നും തെലുങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി പറഞ്ഞു.

” ദോഹയിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചു. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി നല്‍കും. നഷ്ടപരിഹാരത്തിനായി തൊഴിലുടമകളെ സമീപിക്കാന്‍ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും എംബസി നല്‍കും, ” മുരളീധരന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഖത്തറിലെ തൊഴിലുടമകളില്‍നിന്ന് പ്രതികരണം ലഭിച്ച ശേഷം തുടര്‍നടപടികള്‍ മന്ത്രാലയം തീരുമാനിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

വിഷയത്തില്‍ ഔദ്യോഗിക യോഗം ചേരുമെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ”ഞങ്ങള്‍ ഒരു കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കും. സ്ഥിതിഗതികള്‍ പഠിച്ച് കുടുംബങ്ങള്‍ക്കുള്ള ധനസഹായവും പരിഗണിക്കുന്നു. ആയിരക്കണക്കിന് തൊഴിലാളികള്‍ ഗള്‍ഫിലാണ്. ഞങ്ങള്‍ ഇതെല്ലാം കണക്കിലെടുത്ത് ഒരു പാക്കേജ് തീരുമാനിക്കും,” അദ്ദേഹം പറഞ്ഞു. ഖത്തറിലെ തെലങ്കാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണെന്നു തെലങ്കാന തൊഴില്‍, ഫാക്ടറി മന്ത്രി സി മല്ല റെഡ്ഡി പറഞ്ഞു.

ഖത്തറില്‍ നിര്‍മ്മാണ ജോലികള്‍ക്കിടെ ബിഹാര്‍, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു പോയ തൊഴിലാളികള്‍ മരിച്ചരുന്നു. എട്ട് മാസത്തിലേറെയായി, ഇന്ത്യന്‍ എക്പ്രസ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ പരിശോധിക്കുകയും രാജ്യത്തുടനീളമുള്ള തൊഴില്‍ ഏജന്റുമാര്‍, കുടിയേറ്റ ക്ഷേമ പ്രവര്‍ത്തകര്‍, പ്രാദേശിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിക്കുകയും ചെയ്തു. ലോകകപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെ ഖത്തറില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങളെ കണ്ടെത്താന്‍ വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Centre telangana offer to help kin of qatar dead get jobs compensation