ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി കേന്ദ്ര സർക്കാർ അനിശ്ചിത കാലത്തേക്ക് നീട്ടി. ഡിസംബർ 31 ആയിരുന്നു ആധാർ കാർഡും പാൻ കാർഡും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയായി സർക്കാർ നിശ്ചയിച്ചിരുന്നത്. ആധാർ പാൻ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ൽ നിന്നും 2018 മാർച്ച് 31 ലേക്ക് നീട്ടി കൊണ്ട് വെള്ളിയാഴ്ച ഉത്തരവായിരുന്നു.

ഇതുവരെ 14 കോടി പാൻ നമ്പറുകൾ ആധാറുമായി ബന്ധിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 33 കോടി പാൻ കാർഡുകളാണ് ഇതുവരെ ആദായ നികുതി വകുപ്പ് വിതരണം ചെയ്തിട്ടുള്ളത്. 115 കോടി ആളുകളാണ് ഇതുവരെ ആധാർ കൈപറ്റിയിട്ടുള്ളത്.

പുതിയ തീയതി കൂടുതൽ വിശകലനങ്ങൾക്കു ശേഷം പ്രഖ്യാപിക്കുമെന്ന് ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. വ്യക്തികളുടെ യൂണിക്‌ ഐഡന്റിഫിക്കേഷൻ നമ്പറുകൾ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നീട്ടി വച്ച സാഹചര്യത്തിൽ 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പരിഷ്കരിച്ചതായും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ വിജ്ഞാപനം ഇറക്കുന്ന മുറക്ക് പാൻ കാർഡോ, ആധാർ കാർഡോ അല്ലെങ്കിൽ ഫോം 60 യോ സമർപ്പിക്കാനും വിജ്ഞാപനത്തിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനും കള്ളപ്പണ ഇടപാടിനുമെതിരെ സർക്കാർ കൊണ്ട് വന്ന ശക്തമായ നിയമമാണ് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്.

അതേസമയം ആധാർ കാർഡ് വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹർജികളിന്മേൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ മുതൽ വാദം കേൾക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ