ന്യൂ ഡല്‍ഹി: അവശ്യമരുന്നുകളുടെ പട്ടിക (എന്‍ എല്‍ ഇ എം) കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. മുന്‍പട്ടികയിലെ 26 എണ്ണം ഒഴിവാക്കി. പകരം 34 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. ഇതോടെ ആകെ മരുന്നുകള്‍ 384 ആയി.
പുതുക്കിയ അവശ്യമരുന്നു പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പുറത്തിറക്കി. ആരോഗ്യപരിരക്ഷയുടെ സമസ്ത തലങ്ങളിലും കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത എന്‍ എല്‍ ഇ എം ഉറപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.
വില, സുരക്ഷ, ഫലപ്രാപ്തി എന്നീ മൂന്ന് പ്രധാന വശങ്ങള്‍ പരിഗണിച്ച് മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്നതാണു പട്ടികയുടെ പ്രാഥമിക ലക്ഷ്യം. മരുന്നുകളെ 27 ചികിത്സാ വിഭാഗങ്ങളാക്കി തിരിച്ചാണു പട്ടിക തയാറാക്കിയിരിക്കുന്നത്.
പട്ടിക പ്രാബല്യത്തിലാകുന്നതോടെ പ്രമേഹ, അര്‍ബുദ മരുന്നുകള്‍ക്കു വില കുറയും. പ്രമേഹചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗിന്‍, ടെനിഗ്ലിറ്റിന്‍ മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ബുദചികിത്സയ്ക്കുള്ള നാല് മരുന്നുകളാണു പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നും പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തി.
പൊതുജനാരോഗ്യ പ്രശ്നമായി വിലയിരുത്തപ്പെടുന്ന രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ഡ്രഗസ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ലൈസന്‍സുള്ളതും അംഗീകൃതമായവയും, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ട ഫലപ്രാപ്തിയും സുരക്ഷിതത്വവും, താരതമ്യേന കുറഞ്ഞ ചെലവ്, നിലവിലെ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുമായി യോജിച്ചവ, ദേശീയാരോഗ്യ പദ്ധതികള്‍ക്കു കീഴില്‍ ശിപാര്‍ശ ചെയ്യുന്നവ, സാര്‍വത്രിക പ്രതിരോധ കുത്തിവയ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാക്‌സിനുകള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചാണു പട്ടിക തയാറാക്കുന്നത്.
2018-ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വതന്ത്ര സ്റ്റാന്‍ഡിങ് നാഷണല്‍ കമ്മിറ്റി ഓണ്‍ മെഡിസിന്‍സ് രൂപീകരിച്ചിരുന്നു. വിദഗ്ധരുമായും ബന്ധപ്പെട്ട മറ്റു കക്ഷികളുമായും നടത്തിയ വിശദമായ കൂടിയാലോചനയ്ക്ക് ശേഷം 2015ലെ മരുന്നു പട്ടിക പരിഷ്‌കരിച്ച് റിപ്പോര്‍ട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു സമര്‍പ്പിക്കുകയായിരുന്നു.