ന്യൂഡല്‍ഹി: വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവര്‍ക്കുളള ശിക്ഷ ഇരട്ടിയാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കുറ്റകൃത്യത്തിന് മൂന്ന് മാസമുളള തടവുശിക്ഷ ആറ് മാസമാക്കി ഉയര്‍ത്താനാണ് നീക്കം. 2007ലെ മുതിര്‍ന്ന പൗരന്മാരുടേയും രക്ഷിതാക്കളുടേയും ക്ഷേമപരിപാലന നിയമത്തില്‍ ഭേദഗതി വരുത്താന്‍ സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് ആലോചിക്കുന്നുണ്ട്.

1995 മുതല്‍ ഇതുവരെയുള്ള അനുപാതക്കണക്കു പരിശോധിച്ചാല്‍ 2025 ആവുമ്പോഴേക്കും വൃദ്ധജനങ്ങളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

പ്രായമായവരുടെ ആവശ്യങ്ങള്‍ അവകാശമായി പരിഗണിച്ചു വേണ്ടകാര്യങ്ങള്‍ ചെയ്യുന്നതിന് ഭരണകൂടം ബാധ്യസ്ഥമാണെന്നു ഭരണഘടന അനുശാസിക്കുന്നു. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് 2007 ല്‍ ‘മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് ‘ നിലവില്‍വന്നത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത് മക്കളുടെ നിയമപരമായ ബാധ്യതയാണെന്ന് ഈ ആക്ടില്‍ പറയുന്നുണ്ട്.

വൃദ്ധരുടെ ജീവിതവും വസ്തുവകകളും സംരക്ഷിക്കപ്പെടണമെന്നു നിയമം അനുശാസിക്കുന്നു. മക്കള്‍ ആ ബാധ്യത നിറവേറ്റുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ നിയമസംരക്ഷണത്തോടെ ട്രൈബ്യൂണലിനെ സമീപിച്ച് നഷ്ടപരിഹാരമുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ വൃദ്ധര്‍ക്ക് അവകാശമുണ്ട്. പരമാവധി മൂന്നുമാസത്തിനിടയ്ക്കു തീര്‍പ്പുകല്‍പ്പിച്ച് പുനരധിവാസത്തിനു വഴിയൊരുക്കും.

നമ്മുടെ നാട്ടില്‍ പ്രായമായവരില്‍ ഏകദേശം 10ല്‍ ആറുപേരും മക്കളോടൊപ്പമാണു താമസിക്കുന്നത്. ഇതില്‍ 40 ശതമാനം പേരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അക്രമത്തിനു വിധേയമാകുന്നുണ്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. മക്കളും മരുമക്കളും അടുത്തബന്ധുക്കളും തന്നെയാണ് മിക്കവാറും വൃദ്ധരെ പീഡിപ്പിക്കുന്നത്. എന്നാല്‍, ഇത്തരം അക്രമങ്ങളില്‍ ആറിലൊന്നു മാത്രമേ പുറത്തറിയുന്നുള്ളൂ.

ഉറ്റവരാല്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കു വിധേയരായി തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരെ സംരക്ഷിക്കാന്‍ ഓരോ സംസ്ഥാനത്തും ജില്ലയില്‍ ഒന്ന് എന്ന നിലയിലെങ്കിലും പുനരധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നു നിയമം അനുശാസിക്കുന്നു. അതുപക്ഷേ, പാലിക്കപ്പെടുന്നില്ല. പ്രായമുള്ളവര്‍ക്കു ബസിലും ട്രെയിനിലും വിമാനത്തിലുമെല്ലാം പരിഗണനയും യാത്രാ ഇളവും നല്‍കുന്നുണ്ട്. എന്നാല്‍, വയോവൃദ്ധര്‍ ഉടയവരാലാണു നിഷ്‌കാസിതരാകുന്നതെന്നു ചിന്തിക്കണം.

രക്തബന്ധങ്ങള്‍ക്കും മാനുഷികമൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കാത്തവിധം അണുകുടുംബവ്യവസ്ഥ ശക്തിപ്പെട്ടതാണ് ഇതിനു കാരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook