ശ്രീനഗർ: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിൽ നിന്ന് 10,000 അർധ സെെനികരെ അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

ഭരണഘടനയുടെ 370-ാം അനുച്ഛേദം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ജമ്മു കശ്‌മീരിൽ കൂടുതൽ അർധ സെെനികരെ നിയോഗിച്ചത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി നീക്കിയിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് 10,000 അർധ സെെനികരെ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

Read Also: ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി വരുന്നു; കേന്ദ്ര സർക്കാർ ജോലികൾക്ക് ഇനി പൊതുപരീക്ഷ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്‌മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് അർധ സെെനികരെ പിൻവലിക്കാൻ നിര്‍ദേശം നല്‍കിയത്. ജമ്മു കശ്‌മീരിൽ നിന്ന് കഴിഞ്ഞ മെയ് മാസത്തിൽ 10 സിഎപിഎഫ് കമ്പനികളെ പിൻവലിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ 72 യൂണിറ്റുകളെയും പിൻവലിച്ചിരുന്നു.

100 കമ്പനി അർധ സെെനിക വിഭാഗത്തെ അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടെന്നും നേരത്തെ ആയിരുന്ന സ്ഥലങ്ങളിലേക്ക് അവർ തിരിച്ചുപോകണമെന്നാണ് നിർദേശമെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 100 സുരക്ഷാ സൈനികര്‍ ഉള്‍പ്പെട്ടതാണ് കേന്ദ്ര സായുധ പോലീസ് സേനയുടെ ഒരു കമ്പനി.

Read Also: പകൽക്കൊള്ള, ജനങ്ങളോടുള്ള വെല്ലുവിളി; വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ നിന്നു കേന്ദ്രം പിന്മാറണമെന്ന് കടകംപള്ളി

കേന്ദ്ര നിർദേശാനുസരണം സിആർപിഎഫിന്റെ 40 കമ്പനികൾ, കേന്ദ്ര വ്യാവസായ സുരക്ഷാ സേന, അതിർത്തി സുരക്ഷാ സേന, ശാസ്‌ത്ര സീമ ബൽ എന്നിവയുടെ 20 കമ്പനികൾ എന്നിവ ഈ ആഴ്‌ച തന്നെ കശ്‌മീർ വിടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook