ന്യൂഡല്‍ഹി: ദലിതരുമായുള്ള മിശ്രവിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് നേരത്തെ ഈ തുക നല്‍കിയിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം വരുമാനം ബാധകമല്ല. വധുവോ വരനോ ദലിത് ആകണമെന്നതാണ് നിബന്ധന.

2013ലാണ് മിശ്രവിവാഹത്തിലൂടെ സാമൂഹിക ഏകീകരണം ലക്ഷ്യമിട്ട് ഡോ. അംബേദ്കര്‍ സ്‌കീം തുടങ്ങിയത്. പ്രതിവര്‍ഷം കുറഞ്ഞത് 500 വിവാഹങ്ങളെങ്കിലും ഇത്തരത്തില്‍ നടക്കണമെന്ന് ലക്ഷ്യം വച്ചാണ് പദ്ധതി നടപ്പിലാക്കി പോരുന്നത്. ദമ്പതികളുടെ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ കവിയാത്ത പക്ഷം ഒറ്റത്തവണയായി 2.5 ലക്ഷമാണ് അന്ന് അനുവദിച്ചത്. എന്നാല്‍ ഇതാണ് ഭേദഗതി ചെയ്തത്.

ആദ്യ വിവാഹമായിരിക്കണം, ഹിന്ദു മാരേജ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്യണം എന്നിവയാണ് മറ്റ് നിബന്ധനകള്‍. ദമ്പതികള്‍ അവരുടെ ആധാര്‍ കാര്‍ഡ് വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ച ജോയിന്‍റ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.

വരുമാന നിബന്ധന ഉണ്ടായിരുന്നതിനാല്‍ 2014-15ല്‍ അഞ്ച് പേര്‍ക്കും 2015-16ല്‍ അപേക്ഷിച്ച 522 പേരില്‍ 72 പേര്‍ക്കും 2016-17ല്‍ അപേക്ഷിച്ച 736 പേരില്‍ 45 പേര്‍ക്കുമാണ് പാരിതോഷികം ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ 409 പേര്‍ അപേക്ഷിച്ചെങ്കിലും 74 പേര്‍ക്ക് മാത്രമാണ് തുക ലഭിച്ചത്.

കേരളം, പഞ്ചാബ്, സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് മിശ്രവിവാഹങ്ങള്‍ കുറച്ചെങ്കിലും നടക്കുന്നത്. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, മേഘാലയ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ 90 ശതമാനം വിവാഹങ്ങളും ഒരേ ജാതിയില്‍പ്പെട്ടവര്‍ തമ്മിലാണ് നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook