scorecardresearch
Latest News

കോവിഡ് വ്യാപനം; പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ

ഡിസംബർ ഒന്ന് മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും

covid, lockdown, ie malayalam

ന്യൂഡൽഹി:  കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് കേന്ദ്രസർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വൈറസ് കേസുകളിൽ അടുത്തിടെയുണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് നടപടി. മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഡിസംബർ 1 മുതൽ‌ പ്രാബല്യത്തിൽ‌ വരും. ഡിസംബർ 31 വരെ ഇവ പ്രാബല്യത്തിലുണ്ടാവുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

നിയന്ത്രണ നടപടികൾ നടപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രാദേശിക ജില്ല, പോലീസ്, മുനിസിപ്പൽ അധികൃതർ എന്നിവർക്കായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് രാത്രി കർഫ്യൂ പോലുള്ള പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, കണ്ടെയ്ൻ‌മെൻറ് സോണിന് പുറത്ത് ഏതെങ്കിലും പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താനുദ്ദേശിക്കുന്നുണ്ടെങ്കിൽ അത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരുമായി ആലോചിക്കണം. കണ്ടെയ്നർ സോണുകളിൽ നിരീക്ഷണം വർദ്ധിപ്പിക്കാനും മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: പത്ത്, പ്ലസ് ടു അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണം

കണ്ടെയ്‌നേഷൻ സോണുകളുടെ അകത്തും പുറത്തും അനുവദനീയമായ കാര്യങ്ങൾ ചുവടെ ചേർക്കുന്നു:

 • നിയന്ത്രണ മേഖലകളിൽ അവശ്യ സേവനങ്ങളും പ്രവർത്തനങ്ങളും മാത്രമേ അനുവദിക്കൂ എന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.
 • മെഡിക്കൽ ആവശ്യങ്ങൾക്കോ അടിയന്തിര സാഹചര്യങ്ങളിലോ അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണത്തിന്റെ ഭാഗമായോഅല്ലാതെ നിയന്ത്രണ മേഖലകളിൽ നിന്ന് പുറത്തേക്കോ പുറത്ത് നിന്ന് അകത്തേക്കോ ആളുകൾ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനമായ നിയന്ത്രണം ഉണ്ടായിരിക്കും.
 • ഇതിനായി രൂപീകരിച്ച നിരീക്ഷണ സംഘങ്ങൾ വീടുതോറുമുള്ള നിരീക്ഷണം നടത്തും.
 • നിർദ്ദിഷ്ട പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധന നടത്തും.
 • കോവിഡ് പോസിറ്റീവായി കണ്ടെത്തിയ എല്ലാ വ്യക്തികളുടെയും കോൺ‌ടാക്റ്റുകളുടെ പട്ടികപ്പെടുത്തും. 14 ദിവസത്തേക്ക് ഇവരെ ട്രാക്ക് ചെയ്യും.
 • കോവിഡ് -19 രോഗികളെ വേഗത്തിൽ വീട്ടിലോ ചികിത്സാ കേന്ദ്രങ്ങളിലോ ഐസൊലേഷനിലേക്ക് മാറ്റുന്നത് ഉറപ്പുവരുത്തും.
 • ക്ലിനിക്കൽ ഇടപെടലുകൾ നടത്തും.
 • കോവിഡുമായി ബന്ധപ്പെട്ട് ഉചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള അവബോധം വിവിധ സാമൂഹിക വിഭാഗങ്ങളിൽ സൃഷ്ടിക്കും.

ഇതിനുപുറമെ, മാസ്ക് ധരിക്കൽ, കൈ ശുചിയാക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി നടപ്പാക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ചും കമ്പോളങ്ങൾ ആഴ്ചച്ചന്തകൾ, പൊതുഗതാഗതം എന്നിവയിൽ സാമൂഹ്യ അകലം പാലിക്കുന്നതിനായി ഏകീകൃത പ്രവർത്തന ചട്ടം (എസ്ഒപി) ഉടൻ പുറത്തിറക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Read More: കോവിഡ് വാക്സിൻ ലഭിക്കാൻ ഇനി എത്ര മുന്നോട്ട് പോവാനുണ്ട്? അറിയേണ്ടതെല്ലാം

ഓഫീസുകളിൽ‌ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. പ്രതിവാര കേസ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള നഗരങ്ങളിൽ, ബന്ധപ്പെട്ട സംസ്ഥാനങ്ങളും യുടിമാരും ഒരേ സമയം ഓഫീസിലെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കണം. ഷിഫ്റ്റ് ക്രമീകരണങ്ങൾ അടക്കം ഇതിനായി നടപ്പാക്കണം.

കണ്ടെയ്ൻ‌മെൻറ് സോണിന് പുറത്ത് എല്ലാ പ്രവർത്തനങ്ങളും അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ പ്രകാരമുള്ള കാര്യങ്ങളുടെ വിലക്ക് തുടരും അവ ചുവടെ ചേർക്കുന്നു:

 • അന്താരാഷ്ട്ര വിമാന യാത്ര എം‌എച്ച്‌എ അനുവദിച്ച പ്രകാരം മാത്രമാണ് നടക്കുക.
 • സിനിമാ ഹാളുകളിൽ 50 ശതമാനം വരെ മാത്രം പ്രവേശനം
  നീന്തൽക്കുളങ്ങൾ, കായികതാരങ്ങളുടെ പരിശീലനത്തിന് മാത്രം അനുവദിക്കും.
 • എക്സിബിഷൻ ഹാളുകൾ, ബിസിനസ് ടു ബിസിനസ് (ബി 2 ബി) ആവശ്യങ്ങൾക്കായി മാത്രം തുറക്കാം.
 • സാമൂഹിക / മത / കായിക / വിനോദ / വിദ്യാഭ്യാസ / സാംസ്കാരിക ഒത്തുചേരലുകളിൽ, ഹാൾ ശേഷിയുടെ പരമാവധി 50 ശതമാനം വരെ മാത്രം ആളുകളെ പ്രവേശിപ്പിക്കാം, അടച്ച സ്ഥലങ്ങളിൽ 200 പേരെ വരെ മാത്രമാണ് പ്രവേശിപ്പിക്കാനാവുക.

ഉത്സവ സീസണിൽ പൊതുസ്ഥലങ്ങളിൽ ആളുകളെത്തുന്നത് വർദ്ധിച്ചതോടെ മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌. ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രധാന നഗരങ്ങളിലും മറ്റ് കോവിഡ് ബാധിത പ്രദേശങ്ങളിലും രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Centre latest covid guidelines rules containment zones december