ന്യൂഡൽഹി: സോഷ്യൽ മീഡിയ കമ്പനികൾക്കായി രാജ്യത്ത് ഏർപ്പെടുത്തിയ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ട്വിറ്ററിന് “അവസാന നോട്ടീസ്” നൽകി. ഇത് അംഗീകരിച്ചില്ലെങ്കിൽ ഐടി നിയമപ്രകാരം മറ്റ് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു.
ചട്ടങ്ങൾ പാലിക്കുന്നതിനുള്ള അവസാന അറിയിപ്പ് ട്വിറ്ററിന് നൽകിയിട്ടുണ്ട്, ഇതിൽ വീഴ്ച വരുത്തിയാൽ ഐടി ആക്ട് 2000 ലെ 79-ാം വകുപ്പ് പ്രകാരം ലഭ്യമായ ബാധ്യതകളിൽ നിന്നുളള ഒഴിവാക്കൽ പിൻവലിക്കുകയും ഐടി നിയമവും ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങൾ പ്രകാരമുളള പിഴയും നടപടികളും ട്വിറ്ററിന് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതായി ഇലക്ട്രോണിക്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സൈബർ നിയമത്തിലെ ഗ്രൂപ്പ് കോർഡിനേറ്റർ രാകേഷ് മഹേശ്വരി വ്യക്തമാക്കി.
ഒരു ദശകത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തനക്ഷമമായിരുന്നിട്ടും, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ സമയബന്ധിതവും സുതാര്യവുമായ രീതിയിൽ പരിഹരിക്കാനും ന്യായമായ പ്രക്രിയകളിലൂടെ പരാതികൾ പരിഹരിക്കാനുതകുന്ന സംവിധാനങ്ങൾ സൃഷ്ടിക്കാൻ ട്വിറ്റർ വിസമ്മതിച്ചു. അത്തരമൊരു സംവിധാനം നടപ്പിലാക്കിയാൽ മതി, പക്ഷേ നിയമം അനുശാസിക്കുമ്പോഴും ട്വിറ്റർ അത് നിരസിക്കുകയാണെന്ന് രാകേഷ് മഹേശ്വരി പറഞ്ഞു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ ബ്ലു ടിക് വെരിവിക്കേഷന്‍ ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗ്‌വത് അടക്കമുളള മറ്റു നേതാക്കളുടെയും വെരിവിക്കേഷന്‍ ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.
Read More: ട്വിറ്റർ അല്ല തീരുമാനിക്കേണ്ടത്; ഐടി നയങ്ങളുമായി ഒത്തുപോകാൻ തയ്യാറാവണമെന്ന് കേന്ദ്രം
ഫെബ്രുവരിയിൽ പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, മേയ് 26 നകം റസിഡന്റ് ഗ്രീവൻസ് ഓഫീസർ, ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്റ്റ് വ്യക്തി എന്നിവരെ നിയമിക്കാൻ കേന്ദ്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ അടിച്ചമർത്താൻ പ്രധാനമന്ത്രി മോദിയുടെ ഭരണകൂടം ശ്രമിക്കുന്നുവെന്ന് ആരോപിച്ചുളള ഉള്ളടക്കം ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്ര സാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഫെബ്രുവരി മുതൽ ട്വിറ്റർ ഇന്ത്യൻ സർക്കാരുമായി തർക്കത്തിലാണ്. ഇതിനുപിന്നാലെയാണ് പോസ്റ്റുകൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ അഭ്യർത്ഥനകളോട് സോഷ്യൽ മീഡിയ സ്ഥാപനങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാനും പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനുമുള്ള പുതിയ നിയമങ്ങൾ ഇന്ത്യ പ്രഖ്യാപിച്ചത്.