/indian-express-malayalam/media/media_files/uploads/2020/10/hathras.jpg)
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ 19 കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രദേശത്തേക്ക് ഉടൻ സിബിഐ സംഘത്തെ അയക്കുമെന്ന് അധികൃതർ അറിയിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഫൊറൻസിക് സംഘത്തോടൊപ്പമാണ് സിബിഐ സംഘം സ്ഥലത്തെത്തുക.
ഹാഥ്റസ് കേസിൽ സിബിഐ അന്വേഷണം നടത്താൻ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തിരുന്നു. കേസ് കൈകാര്യം ചെയ്തതിൽ പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം നേരിട്ടതിന് പുറകേയായിരുന്നു അത്. കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ യുവതിയുടെ ശവസംസ്കാരം നടത്തിയതടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു. ഭരണകക്ഷി ബിജെപിക്കുള്ളിലും ചിലർ വിമർശനാത്മകമായി പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
സെപ്റ്റംബർ 14 നാണ് യുവതിയെ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തത്. യുവതിയെ ഗുരുതരാവസ്ഥയിൽ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് സെപ്റ്റംബർ 29 ന് അവൾ മരിച്ചു.
പ്രതികളായ സന്ദീപ് (20), അമ്മാവൻ രവി (35), സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവർക്കെതിരെയാണ് കൊലപാതകം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി / എസ്ടി നിയമം പ്രകാരവും കേസെടുത്തിരിക്കുന്നത്. കേസിൽ തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ട് പ്രതികൾ ഹാഥ്റസ് പൊലീസ് സൂപ്രണ്ടിന് കത്തയച്ചിരുന്നു. സംഭവം നടന്ന സെപ്റ്റംബർ 14 ന് യുവതിയെ സഹോദരനും അമ്മയും മർദ്ദിച്ചതെന്നും അവർ ഹത്രാസ് പോലീസ് സൂപ്രണ്ടിന് എഴുതിയ കത്തിൽ ആരോപിക്കുന്നു.
Read More: പഞ്ചായത്ത് പ്രസിഡന്റായ ദലിത് സ്ത്രീയെ നിലത്തിരുത്തി ഭരണസമിതി യോഗം
അതേസമയം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസിന് നിർദേശം നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് യുപി പൊലീസിനെതിരെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു.
മരിച്ച യുവതിയുടെ ബന്ധുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും, ഇരയുടെ മൃതദേഹം കുടുംബത്തിന് കൈമാറാൻ വിസമ്മതിച്ചു, കുറ്റകൃത്യം നടന്ന് 11 ദിവസത്തിന് ശേഷം മാത്രമാണ് ഫോറൻസിക് സാമ്പിളുകൾ ശേഖരിച്ചതെന്നുമടക്കമുള്ള വിമർശനങ്ങളാണ് പൊലീസിന് നേർക്ക് ഉയരുന്നത്.
Read More: CBI takes over probe into Hathras case amid outrage
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.