ന്യൂഡല്‍ഹി: മണിപ്പൂരില്‍ സായുധ സേനയുടേയും പൊലീസിന്‍റെയും ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അടിസ്ഥാനത്തില്‍, 2016ലെ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ തിരുത്തല്‍ ഹർജി സമര്‍പ്പിച്ചു. മണിപ്പൂരില്‍ സായുധ സേനയും പോലീസും ജനങ്ങള്‍ക്കെതിരെ അമിതാധികാരം ഉപയോഗിക്കുന്നു എന്നും ഏറ്റുമുട്ടല്‍ വ്യാപകമാണ് എന്നുമുള്ള പരാതിയുടെമേല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു 2016ലെ സുപ്രീം കോടതി വിധി. സര്‍ക്കാരിന്‍റെ തിരുത്തല്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

കഴിഞ്ഞദിവസം ആര്‍മിക്കു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ രോഹ്താഗി, സര്‍ക്കാര്‍ ഇതിനെതിരെ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട് എന്ന്‍ കോടതിയെ അറിയിക്കുകയുണ്ടായി.

“രാജ്യാതിര്‍ത്തിക്കുള്ളില്‍ നടത്തുന്ന വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദത്തിനും എതിരെ ഇന്ത്യന്‍ ആര്‍മി നടത്തുന്ന ഓപ്പറേഷനുകളിലെ ഘടകങ്ങള്‍ ഒന്നും കണക്കിലെടുക്കാതെയാണ് സുപ്രീം കോടതി നിര്‍ദേശം വന്നിട്ടുള്ളത്.” എന്ന് സര്‍ക്കാരിന്‍റെ തിരുത്തല്‍ ഹര്‍ജി പറയുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ.കേഹാർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

‘ദി ഹ്യൂമണ്‍ റൈറ്റ് അലര്‍ട്ട്’ ‘എക്സ്ട്രാ ജഡീഷ്യല്‍ എക്സിക്യൂഷന്‍ വിക്ടിം ഫാമിലി അസോസിയേഷന്‍’ എന്നീ സംഘടനകള്‍ ആണ് 2016ലെ വിധിക്ക് ആസ്പദമായ കേസ് ഫയല്‍ ചെയ്യുന്നത്. മണിപ്പൂരില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലകളെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടികള്‍ 32ന്‍റെ ലംഘനം ആയി കണക്കാക്കണം എന്നായിരുന്നു അവരുടെ പരാതി.

പരാതി സ്വീകരിച്ച സുപ്രീം കോടതി, ഏറ്റുമുട്ടല്‍ കൊലകളില്‍ ‘ശത്രു’ ആക്കപ്പെട്ടിട്ടുള്ളവര്‍ രാജ്യത്തെ പൗരന്മാര്‍ തന്നെയാണ് എന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടികള്‍ 21 അടക്കം ഏതൊരു ഇന്ത്യന്‍ പൗരനുമുള്ള അവകാശങ്ങള്‍ അവര്‍ക്ക് ഉറപ്പുവരുത്തണം എന്നും നിര്‍ദേശിച്ചിരുന്നു.

“രാജ്യത്തെ ഒരു പൗരനെ വെറും സംശയത്തിന്‍റെ പേരില്‍ ‘ശത്രു’ ആക്കുവാനും കൊലപ്പെടുത്താനുമാണ് സായുധസേനയെ നിയോഗിച്ചിരിക്കുന്നത് എങ്കില്‍ നമ്മുടെ നിയമവ്യവസ്ഥ മാത്രമല്ല ജനാധിപത്യം തന്നെ അപകടത്തില്‍ ആണ് “എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പട്ടാളത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുല്‍ രോഹതാഗി, “ഈ വിധിയുടെ പരിണിതഫലമായി, രാജ്യാതിര്‍ത്തിയിക്കുള്ളില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളേയും ഭീകരവാദത്തെയും തടയാന്‍ ഇന്ത്യന്‍ ആര്‍മി അപര്യപ്തമാവുന്നു” എന്ന വാദം ആണ് മുന്നോട്ട് വച്ചത്.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കേസ് പരിഗണിക്കവേ കേന്ദ്രത്തോട്, മണിപ്പൂരില്‍ നടന്ന 265 ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് സുപ്രീം കോടതി റിപ്പോര്‍ട്ട്‌ തേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ