ചെന്നൈ: പ്രതിഷേധത്തെ തുടര്‍ന്ന് ഹിന്ദി നിര്‍ബന്ധ ഭാഷയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട്. ഹിന്ദി നിര്‍ബന്ധ ഭാഷയായി സ്കൂളുകളില്‍ പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ ഡിഎംകെ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, പ്രതിഷേധം കനത്തതോടെ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോകുകയായിരുന്നു. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കൂ എന്ന് മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
Read More: ‘തമിഴന്റെ രക്തത്തില്‍ ഹിന്ദിയില്ല’; കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ എം.കെ സ്റ്റാലിന്
ഇത് തങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് അവകാശപ്പെടുന്നു. ഹിന്ദി നിര്‍ബന്ധ ഭാഷയായി സ്കൂളുകളില്‍ പഠിപ്പിക്കണമെന്ന ആവശ്യത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോയത് കരുണാനിധിയുടെ ജന്മദിന വാര്ഷികത്തിലാണെന്നും ഇത് കലൈഞ്ജര്‍ (കരുണാനിധി) ഇപ്പോഴും ജീവിക്കുന്നു എന്നതിന് അടയാളമാണെന്നും സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു. കരുണാനിധിയുടെ ചിത്രമടക്കമാണ് സ്റ്റാലിന് ട്വീറ്റ് ചെയ്തിരിക്കുന്നത്. കരുണാനിധിയുടെ 95-ാം ജന്മദിനമാണ് ഡിഎംകെ ഇന്ന് ആചരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് കരുണാനിധി വിടവാങ്ങിയത്. അതിനു ശേഷമാണ് എം.കെ.സ്റ്റാലിന് ഡിഎംകെ അധ്യക്ഷ പദവിയിലെത്തിയത്.
தலைவர் கலைஞர் பிறந்தநாளை செம்மொழி நாளாக நாம் கொண்டாடும் வேளையில், இந்தி கட்டாயப் பாடம் என்பதை மத்திய அரசு திரும்பப் பெற்றிருப்பது, கலைஞர் வாழ்கிறார் என்பதைக் காட்டுகிறது.
ஆதிக்க இந்தித் திணிப்பை எந்நாளும் தகர்த்து அன்னைத் தமிழைக் காப்போம்!#செம்மொழிநாள் #HBDKalaignar96 pic.twitter.com/mQRW3kvPVf
— M.K.Stalin (@mkstalin) June 3, 2019
സ്കൂളുകളില്‍ മൂന്ന് ഭാഷാ സംവിധാനം നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഏത് വിധേനയും എതിര്‍ക്കുമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന് നേരത്തെ പറഞ്ഞിരുന്നു. ‘തമിഴന്റെ രക്തത്തില്‍ ഹിന്ദിയില്ല. തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് തേനീച്ച കൂട്ടില്‍ കല്ലെറിയുന്നത് പോലെയാവുമെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ പാര്‍ലമെന്റില്‍ ഈ വിഷയമുയര്‍ത്തിക്കൊണ്ടുവരണം’, സ്റ്റാലിന് ആവശ്യപ്പെട്ടു.
രാജ്യത്തെ സ്കൂളുകളില്‍ ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദിയും സിലബസില്‍ നിര്‍ബന്ധമാക്കുന്നതാണ് കേന്ദ്രത്തന്റെ പുതിയ വിദ്യാഭ്യാസ നയം. കേന്ദ്ര നയത്തിനെതിരെ പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഡി.എം.കെയുടെ നിയുക്ത എം.പി കനിമൊഴിയും പറഞ്ഞിരുന്നു. ഒരുഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും താല്പര്യമുള്ളവര് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഏത് ഭാഷ വേണമെങ്കിലും പഠിക്കട്ടെ എന്ന് വിഷയത്തോട് പ്രതികരിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനും നിലപാട് വ്യക്തമാക്കി.
Read More: ‘വടക്കേ ഇന്ത്യയില്‍ ആരും മലയാളമോ തമിഴോ പഠിക്കുന്നില്ല’; ഹിന്ദി വിവാദത്തില്‍ ശശി തരൂര്‍
കെ. കസ്തുരിരംഗന്‍ കമ്മറ്റി കേന്ദ്രസര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിനെതിരെയാണ് ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഭാഷ ആരുടേയും മേല്‍ കെട്ടി വെക്കില്ലെന്ന് മാനവവിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാല് പറഞ്ഞു. ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിപ്പിക്കണമെന്നും ഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും മറ്റൊരു ആധുനിക ഇന്ത്യന്‍ ഭാഷയും പഠിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. അതേസമയം ആധുനിക ഇന്ത്യന്‍ ഭാഷ എന്നത് കമ്മറ്റി നിര്‍വചനമൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഹിന്ദി സംസ്ഥാനങ്ങള്‍ ഏത് ഭാഷ പഠിക്കണമെന്ന് വ്യക്തമായ നിര്‍ദ്ദേശമില്ല.