/indian-express-malayalam/media/media_files/HWh4ePI4taPnNxg3EHke.jpg)
ഫേസ്ബുക്ക്, ഗൂഗിൾ, ആമസോൺ തുടങ്ങിയ വൻകിട ടെക് കമ്പനികൾക്ക് സർക്കാർ ഡാറ്റാബേസുമായി തങ്ങളുടെ കൈവശമുള്ള അനോണിമൈസ്ഡ് പേഴ്സണൽ ഡാറ്റ (anonymised personal data- പേരുകൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ എന്നിവ പോലെ വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങളിൽ നിന്ന് നീക്കം
ചെയ്യപ്പെട്ട ഒരു ഡാറ്റാഗണമാണ് ഇതിന് ഉദാഹരണം. ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ പരസ്യമാക്കാൻ സാധ്യതയില്ലാതെ ട്രെൻഡുകളും പാറ്റേണുകളും വിശകലനം ചെയ്യാൻ ഇത്തരത്തിലുള്ള ഡാറ്റ ഉപയോഗിക്കാനാകും) പങ്കിടാൻ നിർദ്ദേശം നൽകുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നു.
ഈ നീക്കത്തിൽ തീരുമാനമായാൽ, ഈ കമ്പനികൾ അത്തരം ഡാറ്റയുടെമേൽ ബൗദ്ധിക സ്വത്തവകാശം അവകാശപ്പെടാനും അത്തരം ഡാറ്റയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനും കഴിയും. ഇത്തരം ഡാറ്റാഗണങ്ങൾ അഥവാ ഡാറ്റാ സെറ്റുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകളുടെ അടിസ്ഥാനശിലയായതിനാൽ ഗവൺമെന്റിന് ഇക്കാര്യത്തിൽ ഏറെ താൽപ്പര്യമുണ്ട്.
ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, 2000ത്തിന് ശേഷം വരുന്ന, ഇതുവരെ പുറത്തുവിടാത്ത ഡിജിറ്റൽ ഇന്ത്യ ബില്ലിന് കീഴിൽ, ഡാറ്റാ കൈമാറ്റം സംബന്ധിച്ച നിബന്ധനയുണ്ടെന്ന് അറിയുന്നു. വൻകിട ടെക് കമ്പനികൾ തങ്ങളുടെ കൈവശമുള്ള എല്ലാ വ്യക്തിഗത ഇതര ഡാറ്റയും ഇന്ത്യൻ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമിലേക്ക് നിക്ഷേപിക്കാൻ നിർബന്ധിതമാക്കുന്ന ഒരു വ്യവസ്ഥ ഐടി മന്ത്രാലയം ഈ കരട് ബില്ലിൽ ചേർത്തതായി പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിന്റെ ഏറ്റവും അടിസ്ഥാന രൂപത്തിൽ, അനോണിമൈസ്ഡ് പേഴ്സണൽ ഡാറ്റ (അജ്ഞാതമായ വ്യക്തിഗത വിവരം) അല്ലെങ്കിൽ വ്യക്തിഗതമല്ലാത്ത ഡാറ്റ, വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഉൾക്കൊള്ളാത്ത ഏതൊരു ഡാറ്റാ സെറ്റും ആണ്. ഒരു പ്രത്യേക ജനസംഖ്യയുടെ മൊത്തത്തിലുള്ള ആരോഗ്യ ഡാറ്റ, ഒരു പ്രദേശത്തിന്റെ ദിനാന്തരീക്ഷം, കാലാവസ്ഥാ ഡാറ്റ, ട്രാഫിക് ഡാറ്റ എന്നിവ പോലുള്ള സംഗ്രഹീത വിവരങ്ങൾ എന്നിവയും മറ്റുള്ളവയ്ക്കൊപ്പം ഇതിൽ ഉൾപ്പെടാം.
“നമ്മള്‍ ഈ പ്ലാറ്റ്‌ഫോമിൽ ചേരുമ്പോൾ അവരുമായി ഒരു കരാർ ഒപ്പിടുന്നു. അതിൽ അവരുടെ സേവന നിബന്ധനകളും സ്വകാര്യതാ നയവും ഉൾപ്പെടുന്നു. സേവന നിബന്ധനകൾക്ക് കീഴിൽ, ഒരു കമ്പനിക്ക് അവരുടെ അനോണിമൈസ്ഡ് പേഴ്സണൽ ഡാറ്റ ഉപയോഗിക്കാൻ കഴിയുമെന്ന് ഒരു ഉപയോക്താവ് സമ്മതിക്കുമ്പോൾ, ആ പ്രത്യേക വിവരങ്ങൾ നിർബന്ധമായും ഇന്ത്യ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമിൽ കൈമാറണമെന്ന് ഡിജിറ്റൽ ഇന്ത്യ ബിൽ നിർദ്ദേശിക്കുന്നു,”എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യക്കാരുടെ വ്യക്തിഗതമല്ലാത്ത ഡാറ്റയുടെ അടിസ്ഥാനത്തിൽ അൽഗോരിതം നിർമ്മിച്ച് വൻകിട ടെക് കമ്പനികൾ ലാഭം കൊയ്തിട്ടുണ്ടെന്നും അതിന്മേൽ അവർക്ക് പ്രത്യേക ഉടമസ്ഥാവകാശം അവകാശപ്പെടാനാവില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
അടുത്തിടെ വിജ്ഞാപനം ചെയ്ത ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, 2023, ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബിൽ, 2022 ന്റെ കരട്, വ്യക്തിപരമല്ലാത്ത വിവരങ്ങളുടെ നിയന്ത്രണത്തെ അഭിസംബോധന ചെയ്യുന്ന നയം തുടങ്ങിയ വിവിധ നിയമനിർമ്മാണ നടപടികൾ ഉൾക്കൊള്ളുന്ന സമഗ്രമായ നിയമ ചട്ടക്കൂടിന്റെ പ്രധാന ഭാഗമാണ് ഡിജിറ്റൽ ഇന്ത്യ ബിൽ. എന്നാൽ ഈ വർഷം ബിൽ പ്രസിദ്ധീകരിക്കാൻ സാധ്യതയില്ല.
ഐടി മന്ത്രാലയം രൂപീകരിച്ച ഒരു വർക്കിങ് ഗ്രൂപ്പ് ഒക്ടോബറിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ഡാറ്റാസെറ്റ് പ്രോഗ്രാം എന്നത് " കേന്ദ്രത്തിൽ മാത്രം പരിമിതപ്പെടുത്താതെ, കേന്ദ്രം/സംസ്ഥാന/യുടി സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യമേഖലാ കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ, എംഎസ്എംഇകൾ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ), സ്റ്റാർട്ടപ്പുകൾ, അക്കാദമിക്, ഗവേഷകർ, സിവിൽ സൊസൈറ്റി, മീഡിയ ഓർഗനൈസേഷനുകൾ, ഓപ്പൺ ടെക്നോളജി കമ്മ്യൂണിറ്റികൾ തുടങ്ങി ഇതിലെ ഭാഗഭാക്കാവുന്ന എല്ലാവരുമായി വിവിധ ഡാറ്റ പങ്കിടലും വിനിമയ ഉപയോഗങ്ങളും പ്രാപ്തമാക്കുന്നതിനുള്ള ഒരു ഏകീകൃത ദേശീയ ഡാറ്റ പങ്കിടൽ, എക്സ്ചേഞ്ച് പ്ലാറ്റ്ഫോമാണ്.
ഇന്ത്യൻ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം കൈവശം വച്ചിരിക്കുന്ന വ്യക്തിഗതമല്ലാത്ത ഡാറ്റയിലൂടെയും ധനസമ്പാദനം നടത്താമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഡാറ്റാധിഷ്ഠിത നവീകരണത്തിനും വികസനത്തിനും "ശക്തമായ അടിത്തറ" നൽകിക്കൊണ്ട് ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇക്കോസിസ്റ്റം ഉയർത്തുന്നതിൽ ഈ പ്ലാറ്റ്ഫോം നിർണായക പങ്ക് വഹിക്കും.
ഐടി മന്ത്രാലയം ദേശീയ ഡാറ്റാ ഗവേണൻസ് ഫ്രെയിംവർക്ക് നയത്തിന്റെ കരട്, 2022 മെയ് മാസത്തിൽ പുറത്തിറക്കിയിരുന്നു. അതിൽ, സ്റ്റാർട്ടപ്പുകളുമായും ഇന്ത്യൻ ഗവേഷകരുമായും വ്യക്തിഗതമല്ലാത്ത ഡാറ്റ പങ്കിടാൻ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത്.
ഈ വർഷം ഒക്ടോബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തിഗത ഡാറ്റാ ഉടമസ്ഥാവകാശം സംബന്ധിച്ച സർക്കാരിന്റെ നിലപാടിൽ മാറ്റം വരുത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമുമായി വ്യക്തിഗതമല്ലാത്ത ഡാറ്റ പങ്കിടാൻ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് സർക്കാർ നിലപാട് മാറ്റിയിട്ടുണ്ടോ എന്ന ഇന്ത്യൻ എക്സ്‌പ്രസിന്റെ ചോദ്യത്തിന് മറുപടിയായി “അത് എന്താണെന്ന് എനിക്ക് പറയാൻ കഴിയില്ല, പക്ഷേ തീർച്ചയായും ഞങ്ങളുടെ നിലപാടിൽ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്," എന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം (MeitY) നിയോഗിച്ച ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ചെയർമാനായുള്ള സമിതിയാണ് സമാഹരിച്ച വ്യക്തിഗതമല്ലാത്ത വിവരങ്ങളുൾപ്പെടുന്ന ഡാറ്റാസെറ്റുകളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ പ്രയോജനപ്പെടുത്തുക എന്ന ആശയം ആദ്യം നിർദ്ദേശിച്ചത്.
നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പങ്കിടാവുന്ന "ഹൈവാല്യൂ ഡാറ്റാസെറ്റ്സ്" (പുനരുപയോഗിക്കാവുന്നതും പരസ്യവുമായ ഫോർമാറ്റിൽ പ്രസിദ്ധീകരിച്ചതുമായ ഡാറ്റ) തിരിച്ചറിയാൻ 2021 ജനുവരിയിലെ ഒരു കരട് റിപ്പോർട്ടിൽ, സമിതി ശുപാർശ ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.