ന്യൂഡല്‍ഹി: സ്വവര്‍ഗ ദമ്പതികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ഭരണപരമായ നടപടികള്‍ സ്വീകരിക്കുന്നതിനും കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തയാറെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
”സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്, സ്വവര്‍ഗ ദമ്പതികള്‍ക്കുള്ള ആശങ്കകളില്‍ ഒന്നിലധികം മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം ഇതിന് ആവശ്യമാണ് എന്നതാണ് ഞങ്ങള്‍ തീരുമാനിച്ചത്. അതിനാല്‍, കാബിനറ്റ് സെക്രട്ടറിയില്‍ കുറയാത്ത ഒരു സമിതി രൂപീകരിക്കും.”
സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി തേടിയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിനോട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ഹര്‍ജിക്കാര്‍ക്ക് അവരുടെ നിര്‍ദ്ദേശങ്ങളോ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോ ചൂണ്ടികാണിക്കാന്‍ കഴിയുമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. സമിതി ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും നിയമപരമായവ അനുവദനീയമായിടത്തോളം അവ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഇത് ഭരണപരമായ തിരുത്തലാണ്. നിയമപരമായ നീക്കം മറ്റൊരു കാര്യമാണ്, നിയമപരമായ മാര്‍ഗങ്ങളിലൂടെ എന്ത് നല്‍കിയാലും തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇത് ഒരു പകരക്കാരനാകണമെന്നില്ല” ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി അഭിപ്രായപ്പെട്ടു.
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് എന്ത് ആനുകൂല്യങ്ങള്‍ നല്‍കാനാകുമെന്നും അവരുടെ സമൂഹ ജീവിതം ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ സിറ്റിങ്ങില്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു. ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിക്കാന്‍, ലൈഫ് ഇന്‍ഷുറന്‍സില്‍ പങ്കാളിയെ നോമിനി ആക്കാന്‍, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയില്‍ എന്തെങ്കിലും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുമോ എന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്, മറ്റു അവകാശങ്ങളെക്കുറിച്ച് പഠിക്കാന്‍ വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചത്.