ന്യൂഡല്‍ഹി: രാജ്യത്തിനെതിരെ വ്യാജവ്യാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകളും ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്തവയില്‍ ഏഴെണ്ണം ഇന്ത്യന്‍ യുട്യൂബ് ചാനലാണ്. ഒരെണ്ണം പാക്കിസ്ഥാനില്‍ നിന്നുമുള്ളതാണ്.
ബ്ലോക്ക് ചെയ്യപ്പെട്ട ചാനലുകൾക്ക് 114 കോടിയിലധികം കാഴ്ചക്കാരുണ്ടായിരുന്നു. 85 ലക്ഷത്തിലധികം ഉപയോക്താക്കൾ സബ്‌സ്‌ക്രൈബുചെയ്‌തിരുന്നതായും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ലോക് തന്ത്ര ടിവി (12.90 ലക്ഷം സബ്‌സ്‌ക്രൈബർമാർ), യു ആൻഡ് വി ടിവി (10.20 ലക്ഷം സബ്‌സ്‌ക്രൈബർമാർ), എഎം റസ്‌വി (95, 900 സബ്‌സ്‌ക്രൈബർമാർ), ഗൗരവശാലി പവൻ മിഥിലാഞ്ചൽ (7 ലക്ഷം സബ്‌സ്‌ക്രൈബർമാർ), സർക്കാരി അപ്‌ഡേറ്റ് (80,900 സബ്‌സ്‌ക്രൈബർമാർ), സബ് കുച്ച് ദേഖോ (19.40 ലക്ഷം സബ്‌സ്‌ക്രൈബർമാർ), ന്യൂസ് കി ദുനിയ (97,000 സബ്‌സ്‌ക്രൈബർമാർ) എന്നിവയാണ് ബ്ലോക്ക് ചെയ്ത യൂട്യൂബ് ചാനലുകള്‍.
ഈ യുട്യൂബ് ചാനലുകളിൽ ചിലതിന്റെ ഉള്ളടക്കം ഇന്ത്യയിലെ മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പടര്‍ത്തുന്നവയാണെന്ന് മന്ത്രാലയം പറയുന്നു. ബ്ലോക്ക് ചെയ്ത യൂട്യൂബ് ചാനലുകളുടെ വിവിധ വീഡിയോകളിൽ ഉന്നയിക്കപ്പെടുന്നത് തെറ്റായ കാര്യങ്ങളാണ്, മതപരമായ കെട്ടിടങ്ങളും മറ്റും പൊളിക്കാൻ സർക്കാർ ഉത്തരവിട്ടതുപോലുള്ള വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം ഉള്ളടക്കള്‍ രാജ്യത്ത് സാമുദായികമായ പിരിമുറുക്കള്‍ സൃഷ്ടിക്കാനും സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനം തകർക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ സായുധ സേനയ, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ യൂട്യൂബ് ചാനലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.
വാർത്ത ആധികാരികമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യൻ യൂട്യൂബ് ചാനലുകൾ വാർത്താ അവതാരകരുടെ ചിത്രങ്ങളും ചില ടിവി വാർത്താ ചാനലുകളുടെ ലോഗോകളും ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.