ന്യൂഡൽഹി: കോവിഡ്-19 നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകളിൽ ഇ-കൊമേഴ്സ് കമ്പനികൾക്ക് പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി കൊടുത്തിരുന്നു. എന്നാൽ ഈ അനുമതിയിൽ മാറ്റം വരുത്തിക്കൊണ്ട് പുതിയ മാർഗ്ഗ നിർദേശം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം. ഇ-കൊമേഴ്സ് കമ്പനികൾ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നത് കേന്ദ്രം വിലക്കി. എന്നാൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 15 പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിൽ കോവിഡ് തീവ്രബാധിതമല്ലാത്ത മേഖലകളിൽ ഇ-കൊമേഴ്സ് കമ്പനികളുടെ പ്രവർത്തനം പൂർണമായും പുനരാരംഭിക്കാമെന്നും കമ്പനികളുടെ വാഹനങ്ങള്‍ക്ക് അവശ്യമായ അനുമതിയോടെ നിരത്തിലിറങ്ങാമെന്നും ഉണ്ടായിരുന്നു. ഇതിലൂടെ അവശ്യമല്ലാത്ത വസ്തുക്കളുടെ വിതരണത്തിനും കമ്പനികൾക്ക് അനുമതി ലഭിച്ചിരുന്നു.

പുതിയ ഓർഡറിൽ അവശ്യ വസ്തുക്കൾ ആയതും അല്ലാത്തതും എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അവശ്യമല്ലാത്ത വസ്തുക്കൾ വിതരണം ചെയ്യാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ അനുവദിക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവിന്റെ ട്വീറ്റ്. എല്ലാ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും, സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകളും, സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അതോറിറ്റികളും ഈ നിർദേശം കർശനമായി നടപ്പിലാക്കണമെന്നും ഓർഡറിലുണ്ട്.

Read Also: Covid-19 Live Updates: ഡൽഹിയിൽ ലോക്ക്ഡൗൺ ഇളവുകൾ ഇല്ലെന്ന് മുഖ്യമന്ത്രി കേജ്‌രിവാൾ

ഏപ്രിൽ 20 നുശേഷം ഇ-കൊമേഴ്സ് കമ്പനികൾ പഴയതുപോലെ പ്രവർത്തനം തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ അടക്കമുളള ട്രേഡ് ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെത്തുടർന്നാണ് പുതിയ നീക്കമെന്ന് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. പ്രാദേശിക വ്യാപാരികളെ കച്ചവടം ചെയ്യാൻ അനുവദിക്കാതിരിക്കുകയും ഇ-കൊമേഴ്സ് കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നതിലൂടെ വ്യാപാര അസന്തുലിതാവസ്ഥ ഉണ്ടാകുമെന്ന് ഇവർ ഏപ്രിൽ 18 ന് അയച്ച കത്തിൽ പറയുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിൽ വ്യാപാരികൾ ഒന്നടക്കം നിരാശയിലാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

Read in English: Under pressure from small traders, Centre bans e-commerce platforms from delivering non-essential items

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook