ന്യൂഡല്‍ഹി: ഈ മാസം രണ്ട് കോടി കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് അധികമായി ലഭ്യമാക്കിയിട്ടുണ്ടെന്നും അധ്യാപക ദിനത്തിന് മുമ്പ് എല്ലാ സ്കൂൾ അധ്യാപകർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്നും കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു.
“സംസ്ഥാനങ്ങള്‍ക്ക് ഓഗസ്റ്റില്‍ നല്‍കാന്‍ പദ്ധതിയിട്ടിരുന്ന വാക്സിന്‍ ഡോസുകളുടെ എണ്ണത്തേക്കാള്‍ രണ്ട് കോടിയിലധികം ലഭ്യമാക്കിയിട്ടുണ്ട്. സെപ്തംബര്‍ അഞ്ച് അധ്യാപക ദിനത്തിന് മുന്‍പ് തന്നെ എല്ലാ അധ്യാപകര്‍ക്കും വാക്സിന്‍ നല്‍കുവാനായി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു,” കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ രാജ്യത്തെ സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ കഴിഞ്ഞ ഒക്ടോബറില്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. പല സംസ്ഥാനങ്ങളും വിദ്യാലയങ്ങള്‍ തുറക്കുകയും ചെയ്തു. പക്ഷെ രണ്ടാം തരംഗം ആരംഭിച്ചത് മുതല്‍ വീണ്ടും പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ടി വന്നു.
കോവിഡ് സാഹചര്യത്തില്‍ മാറ്റം വന്നതോടെ ഈ മാസം ചില സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ വീണ്ടും തുറന്നിരിക്കുകയാണ്. എന്നാല്‍ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകാത്തതിന്റെ ആശങ്ക അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം.
Also Read: കോവിഡ്-19 പരിശോധന വര്‍ധിപ്പിക്കാന്‍ ഊര്‍ജിത പദ്ധതിയുമായി ആരോഗ്യ വകുപ്പ്