ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായും നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കേരളം, കര്‍ണാടക എന്നീ ആറ് സംസ്ഥാനങ്ങളോടാണ് കോവിഡ് പടരുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചില സംസ്ഥാനങ്ങളുണ്ട്, പ്രാദേശിക തലത്തിലുള്ള അണുബാധയുടെ വ്യാപനത്തെ ഇത് സൂചിപ്പിക്കുന്നയായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. കോവിഡ് സാഹചര്യം സൂക്ഷ്മതലത്തില്‍ പരിശോധിക്കാനും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ ഉപദേശങ്ങള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, രോഗത്തെ വേഗത്തിലും ഫലപ്രദമായും കൈകാര്യം ചെയ്യുന്നതിനുള്ള ആവശ്യമായ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
സംസ്ഥാനങ്ങളോട് കര്‍ശന നിരീക്ഷണം നടത്താന്‍ ആവശ്യപ്പെട്ട അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായും പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കേസുകളുടെ വര്‍ദ്ധനവ് പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്, മാര്‍ച്ച് 8 ന് അവസാനിച്ച ആഴ്ചയില്‍ മൊത്തം 2,082 കേസുകളും മാര്‍ച്ച് 15 ന് അവസാനിച്ച ആഴ്ചയില്‍ 3,264 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും അപകടസാധ്യത വിലയിരുത്തല്‍ അടിസ്ഥാനമാക്കിയുള്ള സമീപനം പിന്തുടരേണ്ടതുണ്ടെന്നും രാജേഷ് ഭൂഷണ്‍ നിര്‍ദേശിച്ചു.