ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയുമടങ്ങുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ദേശീയ പ്രാധാന്യമുള്ള സെന്‍ട്രല്‍ വിസ്തക്കെതിരെ ഹര്‍ജി നല്‍കിയ വ്യക്തിയെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
സെൻട്രൽ വിസ്ത അവന്യൂവിലെ പ്രവർത്തനങ്ങൾ സെൻട്രൽ വിസ്ത പ്രോജക്റ്റിന്റെ ഭാഗമാണെന്നും പൊതു പ്രാധാന്യമുള്ളതാണെന്നും ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജോലിക്കാരെല്ലാം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് തന്നെയാണ് താമസിക്കുന്നത്. അതുകൊണ്ട് നിര്‍മാണം താത്കാലികമായി നിര്‍ത്തണമെന്ന ആവശ്യത്തിന് പ്രാധാന്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
Also Read: രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം വിദഗ്ദ്ധ സമിതിയുടെ അംഗീകാരം
മേയ് 17-ാം തീയതിയാണ് വിധി പറയാനായി മാറ്റിവച്ചിരിക്കുന്നത്. സെൻട്രൽ വിസ്ത ദേശീയ പ്രാധാന്യമുള്ളതും അവശ്യമായ പദ്ധതിയാണെന്നും കോടതി വ്യക്തമാക്കി. പാർലമെന്റിന്റെ പരമാധികാര പ്രവർത്തനങ്ങളും അവിടെ നടത്താനിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഈ പദ്ധതിയിൽ താൽപര്യമുണ്ടെന്നും കോടതി പറഞ്ഞു.
ഹർജി നൽകിയത് നിയമ പ്രക്രിയയുടെ പൂർണമായ ദുരുപയോഗമാണെന്നും സെൻട്രൽ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നുമാണ് കേന്ദ്രസർക്കാർ കോടതിയില്‍ വാദിച്ചത്. ഹർജിക്കാരന് പിഴ വിധിച്ച് ഹർജി തള്ളണമെന്നാണ് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടത്.
സെൻട്രൽ അവന്യൂവിലെ ജോലികൾ നവംബറിന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കേണ്ടതുണ്ട്, തൊഴിലാളികൾക്ക് സൈറ്റിൽ താമസിക്കാനുള്ള സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളും നിബന്ധനകളും പിന്തുടരുന്നതിനാല്‍ പദ്ധതി നിർത്തി വയ്ക്കുന്നതിന് കാരണങ്ങളില്ല.