scorecardresearch
Latest News

രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം വിദഗ്ദ്ധ സമിതിയുടെ അംഗീകാരം

20,000 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്

India Economic Survey 2019, Economic Survey 2019 Live

ന്യൂഡൽഹി: രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക്  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം. പദ്ദതിക്കെതിരേ എതിർപ്പുകളുയരുന്നതിനിടെയാണ്  പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകിയത്. ന്യൂഡൽഹിയിൽ നിലവിലെ പാർലമെന്റ് മന്ദിരത്തിന് സമീപമാണ് 922 കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 20,000 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം.

അനുമതി എതിർപ്പ് തുടരുന്നതിനിടെ

പ്രതിപക്ഷ കക്ഷികളും സാമ്പത്തിക വിദഗ്‌ധരുമടക്കമുള്ളവർ സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരേ എതിർപ്പ് അറിയിച്ചിരുന്നു. ഏപ്രിൽ 22ന് ചേർന്ന യോഗത്തിലായിരുന്നു എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി, നിർമാണത്തിന്  അനുമതി നൽകിയത്. നിലവിലെ സാഹചര്യത്തിൽ പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോവുന്നതിനെതിരേ 1292പേർ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റിയോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

Read More: എല്ലാ തൊഴിലിടങ്ങളിലും ഇനി ആരോഗ്യ സേതു ആപ്പ് നിർബന്ധം

കോവിഡ് -19 മഹാമാരിക്കെതിരേ പ്രതിരോധിക്കേണ്ട സമയത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിന് പ്രാധാന്യം നൽകുന്നത് അനുകൂലിക്കാനാവില്ലെന്ന് പദ്ധതിയെ എതിർക്കുന്നവർ അഭിപ്രായപ്പെട്ടു. രാജ്യം ആരോഗ്യ അടിയന്തരാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സാഹചര്യത്തിൽ ആരോഗ്യ രംഗത്തെ സൗകര്യം വർധിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും പദ്ധതിക്ക് എതിർപ്പറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ  പാർലമെന്റ് നിർമാണത്തിന് അനുമതി നൽകിയത് ദൗർഭാഗ്യ കരമാണെന്നും സന്ദേശത്തിൽ പറയുന്നു.

എന്നാൽ 93 വർഷം മുൻപ് നിർമിച്ച നിലവിലെ പാർലമെന്റ് മന്ദിരത്തിൽ വലിയ രീതിയിലുള്ള അറ്റകുറ്റപ്പണി ആവശ്യമായി വരുന്ന സാഹചര്യമുണ്ടെന്നും ഇതിനായി ഈ കെട്ടിടം ഒഴിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അഭിപ്രായപ്പെട്ടു. ഇതിനായി ഒഴിഞ്ഞ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കേണ്ടി വരുമെന്നും വകുപ്പ് നൽകിയ മറുപടിയിൽ പറയുന്നു.

പുതിയ പാർലമെന്റ് മന്ദിരം

സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായി 65,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുക. മൂന്ന് നിലകളുള്ള കെട്ടിടത്തിന് 42 മീറ്റർ ഉയരമുണ്ടാവും. രാജ്യത്തിന്റെ നിയമനിർമാണ കേന്ദ്രത്തിന്റെ മികച്ച പ്രവർത്തനത്തിനായി വലിയ കെട്ടിടം ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. ത്രികോണാകൃതിയിൽ നിലവിലെ പാർലമെന്റ് മന്ദിരത്തിന് എതിർ വശത്തായാണ് പുതിയ കെട്ടിടം നിർമിക്കുക.

പുതിയ കെട്ടിടം നിർമിക്കുന്നുണ്ടെങ്കിലും പഴയ പാർലമെന്റ് മന്ദിരം പൊളിച്ചുമാറ്റാൻ ഇതുവരെ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പാർലമെന്റ് സമുച്ഛയത്തിലെ പഴയ ഒരു കെട്ടിടം പൊളിച്ചു നീക്കുമെന്നും അവർ പറഞ്ഞു.

സെൻട്രൽ വിസ്റ്റ

ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള മൂന്നു കിലോമീറ്റർ ദൂര പരിധിയിലാണ് സെൻട്രൽ വിസ്റ്റ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിനു പുറമേ മറ്റു ചില കെട്ടിടങ്ങളും പുതുതായി നിർമിക്കും. ചില കേന്ദ്ര സർക്കാർ ഓഫീസുകളും സ്മാരകങ്ങളും മറ്റു കെട്ടിടങ്ങളും പുതുക്കിപ്പണിയുകയോ പൊളിച്ചു മാറ്റുകയോ ചെയ്യും. കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയത്തിനു കീഴിലാണ് സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നടത്തിപ്പ്.

Read More: Explained: മേയ് 4 മുതല്‍ എവിടെയെല്ലാം മദ്യശാലകള്‍ തുറക്കും?

എല്ലാ മന്ത്രാലയങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ പുതിയ സെൻട്രൽ സെക്രട്ടറിയേറ്റ് കെട്ടിടവും പദ്ധതിയുടെ ഭാഗമായി നിർമിക്കും. നിലവിൽ വ്യത്യസ്ത കെട്ടിടങ്ങളിലായാണ് മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നത്.

പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വ്യാഴാഴ്ച സുപ്രിം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചായിരുന്നു ഹരജി തള്ളിയത്. 20,000 കോടി രൂപ ചിലവഴിച്ചുള്ള സെൻട്രൽ വിസ്റ്റ പദ്ധതി ഉപേക്ഷിക്കണമെന്നും ഇതിനായുള്ള പണം കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Central vista new parliament building plan environment ministry permission despite objections

Best of Express