ന്യൂഡല്‍ഹി: പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബഞ്ചിനെ അഡീഷണല്‍ സോളിസിറ്ററി ജനറല്‍ പി.എസ്.നരസിംഹയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കു മരണശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. ആദ്യ ഘട്ടത്തില്‍ വധശിക്ഷയെ എതിര്‍ത്ത അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വധശിക്ഷ എല്ലാറ്റിനും പരിഹാരമല്ലെന്ന് വാദിച്ചു. എന്നാല്‍ പിന്നീട് പുതിയ നിയമം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറിയിക്കുകയായിരുന്നു.

ഉപദ്രവിക്കപ്പെട്ട എട്ടുമാസം പ്രായമായ കുട്ടിക്കു വിദഗ്ധ ചികില്‍സ ലഭ്യമാക്കുക, 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ പറയുന്നു. 27നു ഹര്‍ജി വീണ്ടും പരിഗണിക്കും. ഇന്ത്യയില്‍ 15 മിനിറ്റിനിടയില്‍ ഒരു കുട്ടി വീതം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള കുറ്റകൃത്യം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടിയായതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

കത്തുവ സംഭവത്തിന്റേയും മറ്റും പശ്ചാത്തലത്തില്‍ പീഡന വാര്‍ത്തകള്‍ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook