scorecardresearch
Latest News

യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക് ബംഗാൾ സർക്കാർ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സീറ്റ് അനുവദിച്ചതിനു പിന്നാലെയാണ് സർക്കാർ ഇത് വ്യക്തമാക്കിയത്

Ukraine, Russia, Kerala Students
യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ – ഫയൽ ചിത്രം

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. അത്തരത്തിൽ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ ജോലിയിൽ കയറുന്നതിനു മുൻപുള്ള സ്ക്രീനിങ് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ദേശീയ മെഡിക്കൽ കമ്മിഷനിലെയും (എൻഎംസി) ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക് ബംഗാൾ സർക്കാർ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സീറ്റ് അനുവദിച്ചതിനു പിന്നാലെയാണ് സർക്കാർ ഇത് വ്യക്തമാക്കിയത്.

വിദേശത്ത് മെഡിക്കൽ ബിരുദം പൂർത്തിയാക്കുന്നവർ അവരുടെ തിയറിയും പ്രാക്ടിക്കലും 12 മാസത്തെ ഇന്റേൺഷിപ്പും അവിടെ തന്നെ പൂർത്തിയാക്കണമെന്നാണ് എൻഎംസിയുടെ ചട്ടം. ബംഗാളിന്റെ നടപടി ഇതുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

“യുക്രൈൻ വിദ്യാർത്ഥികളുടെ സാഹചര്യത്തെക്കുറിച്ച് നിരുത്തരവാദപരമായ അഭിപ്രായങ്ങളൊന്നും നടത്തരുതെന്ന് ഞങ്ങൾ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ തത്തുല്യമായ കോഴ്‌സുകളിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള വഴികൾ സർക്കാർ നോക്കുകയാണ്.”, മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിന് ബംഗാൾ അനുമതി തേടിയിരുന്നില്ലെന്നും എൻഎംസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങാൻ നിർബന്ധിതരായ 412 വിദ്യാർത്ഥികൾക്ക് സർക്കാർ സീറ്റ് നൽകുമെന്ന് ഏപ്രിൽ 28 ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും മമത പറഞ്ഞിരുന്നു.

മടങ്ങിയെത്തിയ 412 പേരിൽ, രണ്ടും മൂന്നും വർഷ ക്ലാസുകളിലെ 172 വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രാക്ടിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നാല്, അഞ്ച് വർഷ ക്ലാസുകളിലെ 135 വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ പൂർത്തിയാക്കാൻ സർക്കാർ കോളേജുകളിൽ “ഒബ്സർവിംഗ് സീറ്റുകൾ” അനുവദിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.

അതേസമയം, മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ വർധിപ്പിച്ചാണ് വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ അവസരമൊരുക്കിയതെന്ന് പശ്ചിമ ബംഗാളിന്റെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ), ദേബാസിസ് ഭട്ടാചാര്യ പറഞ്ഞു.

റഷ്യ യുക്രൈൻ ആക്രമിച്ചതിനെത്തുടർന്ന് ഏകദേശം 18,000 മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് തങ്ങളുടെ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. 90,000 എംബിബിഎസ് സീറ്റുകൾ മാത്രമുള്ള ഇന്ത്യയിൽ ഇത്രയധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ യാതൊരു മാർഗവുമില്ലെന്ന് എൻഎംസി ഉദ്യോഗസ്ഥർ നേരത്തെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. 2021ൽ മാത്രം 16 ലക്ഷം വിദ്യാർത്ഥികളാണ് എംബിബിഎസിന് അപേക്ഷ നൽകിയത്.

Also Read: താജ്മഹലിലെ അറകളുടെ ചിത്രം എഎസ്ഐ പ്രസിദ്ധീകരിച്ചു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Central officials red flag bengal medical seats ukraine returnees